കോഴിക്കോട്> ലക്ഷദ്വീപിലെ ആഴക്കടലിൽനിന്ന് രണ്ട് പുതിയ മീനുകളെ കണ്ടെത്തി. ഉരുണ്ട രൂപത്തിലുള്ള കോഡ്ലിങ് മത്സ്യത്തെയാണ് പുതിയതായി കണ്ടെത്തിയത്. ലക്ഷദ്വീപിലെ ശാസ്ത്ര സാങ്കേതിക വകുപ്പിലെ മറൈൻ ബയോഡൈവേഴ്സിറ്റി റിസർച്ച് പ്രോജക്ട് ഇൻവെസ്റ്റിഗേറ്ററായ ഡോ. ഇദ്രിസ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മീനുകളെ കണ്ടെത്തിയത്.
തായ്വാനിലെ നാഷണൽ മ്യൂസിയം ഓഫ് മറൈൻ ബയോളജി ആൻഡ് അക്വേറിയത്തിലെയും സിഡ്നി ഓസ്ട്രേലിയൻ മ്യൂസിയത്തിലെയും ഗവേഷകനായ ഡോ. സൗൻ ചിങ് ഹോ, പനങ്ങാട് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയിലെ പി സി മറിയംബി, ഡോ. എസ് സുരേഷ് കുമാർ എന്നിവരും ഗവേഷക സംഘത്തിലുണ്ടായിരുന്നു.
ഫിസിക്കുലസ് ലക്ഷദ്വീപ എന്ന പേരിലാണ് മീനുകൾ അറിയപ്പെടുക. പ്രമുഖ ശാസ്ത്രമാസികയായ സൂടാക്സയിലും കാലിഫോർണിയ അക്കാദമി ഓഫ് സയൻസിന്റെ വില്യം എഷ്മെയറുടെ ഫിഷ് കാറ്റലോഗിലും ഇത് സംബന്ധിച്ച് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ കവറത്തിക്ക് സമീപം പവിഴപ്പുറ്റുകളുടെ പുറംഭാഗത്താണ് മീനുകളെ കണ്ടെത്തിയത്.