കൊല്ലം> ദളിത് വിഭാഗത്തിൽനിന്നുള്ള ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് ക്ഷേത്രത്തിൽ വിലക്ക് ഏർപ്പെടുത്തി ബിജെപി. 17 വർഷമായി കൊല്ലം അയത്തിൽ കാഞ്ഞിരമൂട് ക്ഷേത്രകമ്മിറ്റി പ്രസിഡന്റായ വടക്കേവിള അഭിലാഷ് ഭവനിൽ ഭാസുരനെയാണ് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും വിലക്ക് ഏർപ്പെടുത്തുകയും ചെയ്തത്. കഴിഞ്ഞ വർഷം കമ്മിറ്റിയിൽ ചേർന്ന പ്രാദേശിക ബിജെപി നേതാവ് ഗണേശനാണ് ഭ്രഷ്ട് കൽപ്പിച്ചതെന്ന് ഇരവിപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ക്ഷേത്രത്തിലെ ജോയിന്റ് അക്കൗണ്ടിലെ പണം ഉപയോഗിച്ച് നടത്തിയ ദേവപ്രശ്നത്തിലെ കണക്കുകളും ക്ഷേത്രവഞ്ചി പൊട്ടിച്ചതും ഭാസുരൻ ചോദ്യംചെയ്തതാണ് ഗണേശനെയും കൂട്ടരെയും പ്രകോപിച്ചതെന്ന് പറയുന്നു. ഭാസുരൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതി നിയോഗിച്ച കമീഷനും ഭാസുരന്‍ അനുകൂലമായാണ് റിപ്പോർട്ട് നൽകിയത്.
കൊല്ലം കണ്ണനല്ലൂർ പാതയിൽ പവർഹൗസിനു സമീപത്തെ ആൽമരത്തിലാണ് സർപ്പദൈവങ്ങളുടെ കാവ്. പ്രദേശത്തെ തൊഴിലാളികളും തൊട്ടടുത്ത സ്റ്റാൻഡിലെ ഡ്രൈവർമാരും ചേർന്നാണ് ക്ഷേത്രം തുടങ്ങാനുള്ള പ്രവർത്തനം നടത്തിയത്. ഈ ക്ഷേത്ര കമ്മിറ്റിയിലെ അംഗങ്ങളായി പ്രവർത്തിച്ചതും ഇവരായിരുന്നു. കഴിഞ്ഞ വർഷം ഗണേശൻ കമ്മിറ്റിയിൽ വന്നതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ബിജെപി പ്രവർത്തകരെ ഉൾപ്പെടുത്തി ക്ഷേത്രഭരണം പിടിച്ച് അവർണർക്ക് പ്രവേശനം നിഷേധിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഭാസുരൻ പറഞ്ഞു. കെപിഎംഎസ് ഏരിയ ഭാരവാഹിയും സിപിഐ എം അംഗവുമാണ് ഭാസുരൻ.