കൊച്ചി> പുതുമുഖനടിയെ ബലാത്സംഗം ചെയ്ത കേസിൽ സിനിമാനിർമാതാവും നടനുമായ വിജയ് ബാബുവിനായി ജോർജിയൻ പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാൻ നീക്കം ആരംഭിച്ചു. ഇതിനായി നയതന്ത്രബന്ധം ഉപയോഗിച്ച് ജോർജിയൻ എംബസിയിൽ സമ്മർദം ശക്തമാക്കിയിരിക്കുകയാണ് സിറ്റി പൊലീസ്.
കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് എംബസിയുമായി ബന്ധപ്പെട്ടത്. ജോർജിയൻ പൊലീസിന് വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താനാകുമെന്നും പിടികൂടി നാട്ടിലെത്തിക്കാൻ സാധിക്കുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു. വിജയ് ബാബു എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് പൊലീസ് അന്ത്യശാസനം നൽകി. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോർജിയ. സിറ്റി പൊലീസ് കേന്ദ്രത്തിന് നൽകിയ അപേക്ഷയെത്തുടർന്ന് വിജയ് ബാബുവിന്റെ പാസ്പോർട്ട് വിദേശമന്ത്രാലയം റദ്ദാക്കിയിരുന്നു. അതിനുമുമ്പാണ് വിജയ് ബാബു ദുബായിൽനിന്ന് ജോർജിയയിലേക്ക് കടന്നത്.
പാസ്പോർട്ട് റദ്ദായതോടെ ഈ പാസ്പോർട്ടിൽ ഇഷ്യൂ ചെയ്ത വിസകളെല്ലാം ഉടൻ റദ്ദാകും. കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് വിജയ് ബാബു നാടുവിട്ടത്. കേസിൽ പ്രതിയായശേഷമാണ് താൻ ദുബായിലാണെന്ന് പ്രഖ്യാപിച്ചത്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചിരുന്നു.