ശ്രീനഗർ> ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് മരിച്ച തൊഴിലാളികളുടെ എണ്ണം ഒമ്പതായി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാളെ കണ്ടെത്താൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു.
ശനിയാഴ്ച എട്ട് മൃതദേഹംകൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഒമ്പതായത്. വ്യാഴം രാത്രി പത്തേകാലോടെയാണ് റംബാനിലെ ഖൂനി നല്ലയ്ക്ക് സമീപം ദേശീയപാതയിലെ തുരങ്കം തകർന്നത്. 13 തൊഴിലാളികളാണ് ഈ സമയം തുരങ്കത്തിലുണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷാപ്രവർത്തകർ വ്യാഴാഴ്ച പുറത്തെത്തിച്ചു.