കൊച്ചി> കെ റെയിൽ, മെട്രോ, ദേശീയ പാത എന്നിവയുടെ സംഗമ കേന്ദ്രമായ തൃക്കാക്കരയെ ട്രാവൽ ഹബ്ബാക്കി മാറ്റുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. തൃക്കാക്കര മണ്ഡലം എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മെട്രോ വിപുലീകരിക്കുന്നതിനൊപ്പം വിവിധ യാത്രസംവിധാനങ്ങൾ സജ്ജമാക്കും. ഇതോടെ ഗതാഗത കുരുക്ക് ഒഴിവാകും. തൃക്കാക്കരയെ ലോകത്തെ ആകർഷിക്കുന്ന നഗരമാക്കി മാറ്റും.
ഐടി സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനൊപ്പം മണ്ഡലത്തിലെ എല്ലാവർക്കും പാർപ്പിടം നൽകും. പട്ടയം ലഭിക്കാത്തവർക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കും. കുസാറ്റ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ഹരിത കേരളത്തിൻറെ ചാരുതയുള്ള പ്രധാന നഗരമാക്കും. മാലിന്യ വിമുക്തമാക്കുന്നതിനൊപ്പം എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും. വെള്ളക്കെട്ട് പരിഹരിക്കുന്നതിന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശാസ്ത്രീയ മാർഗങ്ങൾ കൈകൊള്ളും.
വീടുകളിലും കച്ചവടസ്ഥാനപങ്ങളിലും പാചകവാതകമെത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കും. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം തൃക്കാക്കരയിൽ സ്ഥാപിക്കും. യുവാക്കൾക്കും കുട്ടികൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ പഞ്ചായത്താടിസ്ഥാനത്തിൽ കളിസ്ഥലം ഒരുക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കും. കാർഷിക മേഖല മെച്ചപ്പെടുത്തും. കേരളം വികസിക്കുന്നതിനൊപ്പം തൃക്കാക്കര വികസിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കും. തൃക്കാക്കര മുൻസിപ്പാലിറ്റിയും മണ്ഡലവും വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്നതിൻറെ ഭാഗമായാണ് വികസന മുരടിപ്പുണ്ടായത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കാത്തതിനാൽ തൃക്കാക്കര പകർച്ച വ്യാധിയുടെ കേന്ദ്രമായി മറി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷനായി. മന്ത്രി പി രാജീവ്, എൽഡിഎഫ് മണ്ഡലം സെക്രട്ടറി എം സ്വരാജ്, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി പി രാമകൃഷ്ണൻ, മുൻ മന്ത്രി ജോസ് തെറ്റയിൽ, കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻറ് പോൾ വർഗീസ് എന്നിവർ പങ്കെടുത്തു.