പാലക്കാട്> എൻ ആർ ബാലനെ പ്രസിഡന്റായും എൻ ചന്ദ്രനെ സെക്രട്ടറിയായും കെഎസ്കെടിയു സംസ്ഥാന സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. സി ബി ദേവദർശനനാണ് ട്രഷറർ. ആനാവൂർ നാഗപ്പൻ, ആർ ചിന്നക്കുട്ടൻ, ലളിതാ ബാലൻ, എ ഡി കുഞ്ഞച്ചൻ, കെ കെ ദിനേശൻ, ഇ ജയൻ (വൈസ് പ്രസിഡന്റുമാർ). കെ കോമള കുമാരി, എൻ രതീന്ദ്രൻ, വി നാരായണൻ, വി കെ രാജൻ, സി രാധാകൃഷ്ണൻ, ഒ എസ് അംബിക (ജോയിന്റ് സെക്രട്ടറിമാർ). സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ: എം വി ഗോവിന്ദൻ, പി കെ ബിജു, സുരേഷ് താളൂർ, പി എൻ വിജയൻ, എം പി പത്രോസ്, എം കെ പ്രഭാകരൻ, പി എ എബ്രഹാം, കെ ശശാങ്കൻ. 93 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
കേരള സ്റ്റേറ്റ് കർഷകതൊഴിലാളി യൂണിയൻ അഃംഗങ്ങളിൽ 100 പേർക്ക് ഒരു യൂണിറ്റ് എന്ന നിലയിൽ പുനസംഘടിപ്പിക്കാൻ സംസ്ഥാന സമ്മേളനം തീരുമാനിച്ചതായി സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാലക്കാട് നടന്ന സംസ്ഥന സമ്മേളനം സംഘടന കൂടുതൽ സജീവമാക്കുന്നതിനുള്ള 16 ഇന നിർദ്ദേശങ്ങൾ അംഗീകരിച്ചതായും ഭരാവാഹികൾ പറഞ്ഞു. പ്രവർത്തകരിലും അംഗങ്ങളിലും സംഘടന വിദ്യഭ്യാസം വിപുലപ്പെടുത്താൻ കർമ പദ്ധതികളും സമ്മേളനം ആവിഷ്കരിച്ചു. രാഷ്ട്രീയ– സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടൽ സജീവമാക്കും.
വനിത പ്രവർത്തകരെ ഉയർത്തികൊണ്ടുവരും. അംഗസംഖ്യയിൽ 60 ശതമാനവും വനിതകളാണ്. കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ സംഘടന വലിയ വളർച്ച നേടി. രണ്ടരലക്ഷത്തോളം മെമ്പർഷിപ്പ് വർധിച്ചു. എല്ലാ ജില്ലകളിലും ഇത്തരത്തിൽ വളർച്ചയുണ്ടായി. 145 പുതിയ വില്ലേജ് കമ്മിറ്റികൾ നിലവിൽവന്നു. 3057 യൂണിറ്റും വർധിച്ചു. ഇപ്പോൾ 23,808 യൂണിറ്റും 2013 വില്ലേജ് കമ്മിറ്റികളും 203 ഏരിയ കമ്മിറ്റികളും 14 ജില്ലാകമ്മിറ്റികളുമുണ്ട്.