മങ്കട> കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽ. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യനാണ് കൈകൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. 4000 രൂപയാണ് സുബ്രഹ്മണ്യൻ കൈക്കൂലി വാങ്ങിയത്.
സ്ഥലത്തിന്റെ പട്ടയം ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിലെത്തിയ യുവാവിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. നിരവധി തവണ വില്ലേജ് ഓഫീസിൽ എത്തിയിട്ടും രേഖകൾ നൽകാതെ മടക്കി അയക്കുകയും, രേഖകൾ ലഭിക്കുന്നതിന് പണം ആവശ്യപ്പെടുകയുമായിരുന്നു. തിങ്കളാഴ്ച 4000 രൂപയുമായെത്തണമെന്നായിരുന്നു സുബ്രഹ്മണ്യന് യുവാവിനോട് പറഞ്ഞത്.
പണം ആവശ്യപ്പെടുന്നതായി യുവാവ് വിജിലൻസിൽ പരാതി നൽകുകയും വിജിലൻസിന്റെ നിർദ്ദേശ പ്രകാരം സുബ്രമണ്യന്‍ പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. വില്ലേജ് ഓഫീസറടക്കമുള്ളവര്‍ക്കായാണ് 4000 രൂപ കൈക്കൂലി വാങ്ങുന്നതെന്നാണ് സുബ്രഹ്മണ്യന് പരാതിക്കാരനോട് പറഞ്ഞത്.
നിരവധിതവണ വില്ലേജ് ഓഫീസ് കയറിയിറങ്ങിയെന്നും സഹികെട്ടാണ് കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിച്ചതെന്നും പരാതിക്കാരന് പറയുന്നു. സുബ്രഹ്മണ്യന് ഇതിനുമുന്‍പും കൈക്കൂലി വാങ്ങിയതായാണ് ആരോപണം. ഇക്കാര്യം കൂടി അന്വേഷണവിധേയമാകുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.