കോഴിക്കോട് > വ്ളോഗർ റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നു എന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. ഈ മാസം ഏഴിനാണ് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.
റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഭർത്താവ് മെഹ്നാസിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും ഹാജരാകാത്തതിനെ തുടർന്നാണ് ഈ നടപടി. മെഹ്നാസ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടെ ഫോൺ അടക്കം സ്വിച്ച്ഡ് ഓഫ് ആണ്. കഴിഞ്ഞ ദിവസം പൊലീസ് വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തിരുന്നു. പെരുന്നാളിനുശേഷം മെഹ്നാസ് വീട്ടിൽ വന്നിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
നേരത്തെ മൊഴിയെടുക്കാനായി അന്വേഷകസംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷകസംഘം മടങ്ങുകയായിരുന്നു. റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടർന്ന് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. മാർച്ച് 1നാണ് വ്ലോഗർ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല.