റിയാദ് > അന്യം നിന്നുപോകുന്ന നാടൻ കളികളും, കലകളും ഉൾപ്പെടുത്തി “വസന്തം 2022” എന്ന പേരിൽ കേളി കലാസാംസ്കാരിക വേദി പരിപാടി സംഘടിപ്പിച്ചു. അൽഹയറിലെ അൽ ഒവൈദ ഗ്രൗഡിലും ഓഡിറ്റോറിയത്തിലുമായിരുന്നു പരിപാടി.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കളികൾ നടത്തി. പൂരക്കളി, പരുന്താട്ടം, തെയ്യം നാടോടിനൃത്തം, വിപ്ലവഗാനങ്ങൾ, വടിപ്പയറ്റ്, തനത് കലാരൂപങ്ങൾ എന്നീ കലാപരിപാടികളും അരങ്ങേറി. കേളിയുടെ പന്ത്രണ്ട് ഏരിയകളും കുടുംബ വേദിയും തയ്യാറാക്കിയ വിവിധ കലാരൂപങ്ങളും ചെണ്ട മേളവും, തെയ്യവും, പരുന്താട്ടവും, നിശ്ചല ദൃശ്യങ്ങളും അടങ്ങിയ സാംസ്കാരിക ഘോഷയാത്രയും അരങ്ങേറി.
സാംസകാരിക സമ്മേളനം സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലൻ ഓൺലൈനിൽ നിർവഹിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ വിവരണം നൽകി. ദമാം നവോദയ രക്ഷാധികാരി സമിതി അംഗം രഞ്ജിത് വടകര മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് കണ്ണപുരം നന്ദി പറഞ്ഞു. തുടർന്ന് മത്സര വിജയികൾക്കുള്ള സമ്മാനദാനവും കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാന വിതരണവും നടന്നു. സംഘാടക സമിതി കൺവീനർ സുരേഷ് കണ്ണപുരം, ചെയർമാൻ ജോഷി പെരിഞ്ഞനം, പ്രോഗ്രാം കൺവീനർ സതീഷ് കുമാർ വളവിൽ, വളണ്ടിയർ ക്യാപ്റ്റൻ ഹുസൈൻ മണക്കാട്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.