പെരുമ്പാവൂർ > കാലടി സംസ്കൃത സർവകലാശാലയിലെ കലോത്സവത്തിൽ പങ്കെടുത്തുമടങ്ങിയ എസ്എഫ്ഐ വിദ്യാർഥിയെ എബിവിപി പ്രവർത്തകർ കെഎസ്ആർടിസി ബസിൽ കയറി ആക്രമിച്ചു. ഏറ്റുമാനൂർ റീജണൽ സെന്ററിലെ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ മലപ്പുറം ചീക്കോട് ആലക്കാപ്പറമ്പിൽ നന്ദു കൃഷ്ണനാണ് (22) മർദനമേറ്റത്. ശനി പകൽ പതിനൊന്നിനാണ് സംഭവം.
കലോത്സവം കഴിഞ്ഞ് ഏറ്റുമാനൂരിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ ഏറ്റുമാനൂർ സ്റ്റാൻഡിന് തൊട്ടുമുമ്പുള്ള സ്റ്റോപ്പിൽനിന്ന് നാല് എബിവിപി പ്രവർത്തകർ ബസിൽ കയറി. ഇവർ നന്ദുവിനെ ഇടിക്കട്ട ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. റീജണൽ സെന്ററിലെ എബിവിപി ഭാരവാഹികളായ രണ്ടുപേർ കലോത്സവത്തിൽപങ്കെടുക്കാനെത്തിയിരുന്നു. ഇവർ കാലടി ക്യാമ്പസിൽവച്ച് നന്ദുവിനെയും കൂടെയുണ്ടായിരുന്ന പെൺകുട്ടികളടക്കം 11 പേരെയും പെരുമ്പാവൂരിലിട്ട് കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
കലോത്സവത്തിൽ പങ്കെടുത്ത യൂണിയൻ ചെയർമാൻ എബിവിപിയിലെ അജീഷ്, ജനറൽ സെക്രട്ടറി സൂരജ് എന്നിവരാണ് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇവരും ബസിൽ നന്ദുവിനൊപ്പമുണ്ടായിരുന്നു. യാത്രക്കാർ ഇടപെട്ടാണ് അക്രമികളെ പിന്തിരിപ്പിച്ചത്. നന്ദുവിനെ തലയ്ക്ക് പരിക്കേറ്റ് മൂവാറ്റുപുഴ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ റീജണൽ സെന്ററിൽ നന്ദുവിന്റെ നേതൃത്വത്തിൽ എസ്എഫ്ഐ യൂണിറ്റ് രൂപീകരിച്ചതാണ് പ്രകോപനത്തിന് കാരണം.