കോഴിക്കോട്> വവ്വാലുകളുടെ പ്രജനന കാലമായതിനാൽ, നിപാ പ്രതിരോധവും കരുതൽ നടപടികളുമായി ആരോഗ്യ വകുപ്പ്. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കുന്നതിനൊപ്പം വനം, മൃഗസംരക്ഷണ വകുപ്പുകളെ സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ‘ഏകാരോഗ്യം’ വിഷയം പ്രമേയമായി 12ന് സംസ്ഥാന ശിൽപ്പശാല നടത്തും.
2018, 2021 വർഷങ്ങളിൽ ജില്ലയിൽ നിപാ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വവ്വാലുകളുടെ പ്രജനന സമയത്ത് പുറത്ത് വരുന്ന സ്രവം വഴിയാണ് വൈറസ് പകരുന്നത്. ഇവയുമായുള്ള സമ്പർക്കം ഒഴിവാക്കാനുള്ള ജാഗ്രതാ നിർദേശങ്ങൾ ജനങ്ങളിലെത്തിക്കും.
നിലത്ത് വീണതും പക്ഷികൾ കടിച്ചതുമായ പഴങ്ങൾ കഴിക്കരുത്, നന്നായി കഴുകി ഉപയോഗിക്കണം, വവ്വാലുകളുള്ള പ്രദേശങ്ങളിൽ ജാഗ്രതയോടെ ഇടപെടണം തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യ പ്രവർത്തകർ താഴെ തട്ടിൽ എത്തിക്കും. ഫോട്ടോ പ്രദർശനങ്ങളും സംഘടിപ്പിക്കും.
നിപാ സമാന ലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള സംവിധാനവും ആശുപത്രികളിൽ ഏർപ്പെടുത്തി. 12ന് നടക്കുന്ന പരിപാടിയിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള ആരോഗ്യം, വനം, മൃഗ പരിപാലനം തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. വെള്ളിമാട് കുന്ന് ജൻഡർ പാർക്കിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.