കണ്ണൂര്‍> പുന്നോല്‍ ഹരിദാസന് വധക്കേസ് പ്രതി ആര്‍എസ്എസ് പ്രവര്ത്തകന് നിജില്‍ ദാസിനെ ഒളിപ്പിച്ച രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാരെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. രേഷ്മയെ സ്വീകരിച്ചത് ബിജെപി മണ്ഡലം സെക്രട്ടറിയാണ്. നിയമ സഹായം നല്‍കുന്നത് ബിജെപി അഭിഭാഷകനും. ഇതോടെ രേഷ്മയുടെ സംഘപരിവാര്‍ ബന്ധം വ്യക്തമായതായി എം വി ജയരാജന് പറഞ്ഞു.
രേഷ്മയുടേത് സിപിഐ എം കുടുംബമെന്ന വാദം വസ്തുതാവിരുദ്ധമാണെന്നും ജയരാജന് വ്യക്തമാക്കി.ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപങ്കുവഹിച്ച ആര്‍എസ്എസ് പ്രവര്ത്തകന് നിജില്‍ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞുകൊണ്ട് തന്നെയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിജില്‍ ദാസ് പലവീടുകളിലായി ഒളിവില്‍ കഴിയുകയായിരുന്നു. വിഷുവിന് ശേഷമാണ് പാണ്ട്യാലമുക്കിലെ വീട്ടിലേക്ക് പ്രതി എത്തിയത്. ഇതിന് സഹായിച്ചത് പുന്നോലിലെ അമൃത വിദ്യാലയത്തിലെ ടീച്ചറായ രേഷ്മയാണ്.
രേഷ്മയുടെ ഭര്‍ത്താവ് പ്രവാസിയാണ്. പുതുതായി പണിത വീട് വാടകയ്ക്ക് നല്കി വരാറുണ്ട്. എന്നാല്‍ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ രേഷ്മ നിജില്‍ ദാസിന് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം എത്തിച്ചുനല്‍കുകയും ചെയ്തു.ഇന്നലെയാണ് തലശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രേഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.തുടര്‍ന്ന് ജയിലില്‍ നിന്നും പുറത്തുവന്നപ്പോള്‍ സ്വീകരിക്കാന്‍ ബിജെപി നേതാവ് എത്തുകയായിരുന്നു.രേഷ്മയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി-ആര്‍എസ്എസ് സംഘം നടത്തിയ കള്ളപ്രചരണം കൂടിയാണ് ഈ സംഭവത്തോടെ പൊളിഞ്ഞത്.
പിണറായി- ന്യൂമാഹി പൊലീസ് സ്റ്റേഷന് പരിധിയില്‍ രണ്ടാഴ്ച പ്രവേശിക്കരുത്, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം തുടങ്ങിയ നിബന്ധനകളാണ് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത് . 50,000 രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് രേഷ്മ പുറത്തിറങ്ങിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നിജിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്.