കൊച്ചി
നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും അന്വേഷകസംഘം ചൊവ്വാഴ്ച ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തും. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ പകൽ 11 മുതൽ ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച കേസിൽ ആദ്യമായാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് പൾസർ സുനിക്ക് പണം വാങ്ങാമായിരുന്നു എന്ന് സുരാജ് പറയുന്ന ഓഡിയോ ക്ലിപ്പ് നിർണായകമാണ്. ഇപ്പോ സുനി ജയിലിലായില്ലേ എന്നും ചോദിക്കുന്നുണ്ട്. ആയിരം രൂപയ്ക്ക് വാച്ച് പണയം വച്ചവനാണ് സുനിയെന്നും സുരാജ് സൂചിപ്പിക്കുന്നുണ്ട്. ഇത് സുനിയെ സുരാജിനും ദിലീപിനും അടുത്തറിയാമായിരുന്നു എന്നതിന്റെ തെളിവാണ്.
ഇങ്ങനെ പറയാനുണ്ടായ സാഹചര്യം സുരാജ് വിശദീകരിക്കേണ്ടി വരും. ദിലീപ് നായകനായ ‘ജോർജേട്ടൻസ് പൂര’ത്തിന്റെ നിർമാണപങ്കാളികളിൽ ഒരാൾ സുരാജാണ്. ഈ ചിത്രത്തിന്റെ സെറ്റിൽ പൾസർ സുനി എത്തിയിരുന്നു. ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ നിർമാണത്തിനും സുരാജ് ഉണ്ടായിരുന്നു. അനൂപിന്റെ പ്രിയാഞ്ജലി പ്രൊഡക്ഷൻസ് നിർമിച്ച ‘സൗണ്ട് തോമ’യിൽ പൾസർ സുനി ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ടു. പ്രതിഫലം നൽകിയതിന്റെ വൗച്ചർ പൊലീസിന് ലഭിച്ചു. സാഗർ എന്ന മുഖ്യസാക്ഷിയുടെ മൊഴിമാറ്റാൻ ആലപ്പുഴയിൽ കാറിൽ കൊണ്ടുപോയത് അനൂപ് പറയുന്ന ഓഡിയോ ക്ലിപ്പുമുണ്ട്. നടിക്കെതിരെ ആക്രമണം നടക്കുമ്പോൾ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’യിലെ ജീവനക്കാരനായിരുന്നു സാഗർ. കേസിൽ പ്രതി വിജീഷ് ലക്ഷ്യയിൽ എത്തിയത് കണ്ടതായി പൊലീസിന് മൊഴി നൽകിയ സാഗർ പിന്നീട് കോടതിയിൽ ഇത് മാറ്റിപ്പറഞ്ഞിരുന്നു.
അന്വേഷണപുരോഗതി
വിശദീകരിച്ച് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണപുരോഗതി ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ ഹർജിയും 21ന് പരിഗണിക്കും. എട്ടാംപ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് അപേക്ഷയും ഇരുപത്തൊന്നിലേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ഹർജിയിൽ ദിലീപ് 21ന് എതിർസത്യവാങ്മൂലം സമർപ്പിക്കുമെന്നാണ് സൂചന. ഇതിന് പ്രോസിക്യൂഷൻ വിശദമായ മറുപടി നൽകണം. ദിലീപിന്റെ ഫോണിൽ സുപ്രധാന കോടതിരേഖ കണ്ടെത്തിയതിനെക്കുറിച്ച് വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടരന്വേഷണം മാര്‍ച്ച് ഒന്നിനകം പൂര്‍ത്തിയാക്കാനാണ് വിചാരണക്കോടതി ആദ്യം നിര്‍ദേശിച്ചിരുന്നത്. അന്വേഷകസംഘത്തിന്റെ ആവശ്യപ്രകാരം ഏപ്രിൽ 18 വരെ നീട്ടി. കേസിൽ ഒട്ടേറെ നടപടി പൂര്‍ത്തിയാക്കാനുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സാവകാശം തേടിയുള്ള അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രോസിക്യൂഷന് അറിയിച്ചു. ഹൈക്കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കും. അതേസമയം, തുടരന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അപേക്ഷ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണം നല്കാന് അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ കോടതി റിപ്പോര്‍ട്ട് നല്കാന് ക്രൈംബ്രാഞ്ച് എഡിജിപിയോട് നിര്‍ദേശിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഹർജിയിൽ ചൊവ്വാഴ്ച ഹൈക്കോടതി വിധി പറഞ്ഞേക്കും. കേസ് സിബിഐക്ക് വിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സായ്ശങ്കറെ
ചോദ്യംചെയ്തു
നടൻ ദിലീപിന്റെ ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് സംശയിക്കുന്ന സൈബർ വിദഗ്ധൻ സായ്ശങ്കറിനെ അന്വേഷകസംഘം ചോദ്യംചെയ്തു. ആലുവ പൊലീസ് ക്ലബ്ബിൽ തിങ്കൾ പകൽ രണ്ടുമുതൽ 4.30 വരെയായിരുന്നു ചോദ്യംചെയ്യൽ. ദിലീപിന്റെ ഐഫോൺ 13 പ്രോ, 12 പ്രോ മാക്സ് എന്നീ ഫോണുകളിലെ വിവരങ്ങൾ താൻ നശിപ്പിച്ചതായി സായ്ശങ്കർ സമ്മതിച്ചതായാണ് സൂചന. ഇതിനായി ഉപയോഗിച്ച ലാപ്ടോപ്പും ഐ മാക്ക് കംപ്യൂട്ടറും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലാണെന്നും സായ്ശങ്കർ പറഞ്ഞു.
ചൊവ്വാഴ്ച ഹാജരാകാൻ സായ്ശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചോദ്യംചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണിലെ രേഖകൾ താൻ നശിപ്പിച്ചെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. കൂടുതൽ വ്യക്തതയ്ക്കായാണ് വീണ്ടും മൊഴിയെടുത്തത്.
എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സായ്ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഫോൺവിവരങ്ങൾ നശിപ്പിച്ചത് കൊച്ചിയിലെ ആഡംബര ഹോട്ടലിലും രാമൻപിള്ളയുടെ ഓഫീസിലുംവച്ചാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
12 ഫോൺ നമ്പറുകളിൽനിന്നുള്ള വാട്സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ് നീക്കിയത്. ദിലീപിന്റെ അഭിഭാഷകർ നിർദേശിച്ചതനുസരിച്ചാണ് ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചതെന്നും സായ് ശങ്കർ പറഞ്ഞിരുന്നു.