കൊച്ചി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഏകപക്ഷീയമായി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള കെപിസിസി പ്രസിഡന്റിന്റെ നീക്കത്തിൽ എറണാകുളത്തെ എ, ഐ ഗ്രൂപ്പുകൾക്കുള്ള പ്രതിഷേധം ചൊവ്വാഴ്ച കെപിസിസി നേതൃയോഗത്തിൽ അറിയിക്കും. കെ സുധാകരൻ മണ്ഡലത്തിൽനിന്നുള്ള ജില്ല, സംസ്ഥാന നേതാക്കളെ അറിയിക്കാതെ പ്രതിപക്ഷനേതാവ് വി ഡി സതീശനൊപ്പം പി ടി തോമസിന്റെ വസതി സന്ദർശിച്ച് സ്ഥാനാർഥിയെ തീരുമാനിച്ചെന്നതരത്തിൽ പ്രസ്താവന നടത്തിയിരുന്നു. ഇതിൽ എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ സതീശൻവിരുദ്ധരും കടുത്ത പ്രതിഷേധത്തിലാണ്. ഐ ഗ്രൂപ്പിൽനിന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസും എ ഗ്രൂപ്പിൽനിന്ന് ബെന്നി ബഹനാനും ചൊവ്വാഴ്ച ഇക്കാര്യം നേതൃയോഗത്തിൽ ഉന്നയിക്കുമെന്നാണ് വിവരം.
മണ്ഡലത്തിൽ താമസിക്കുന്ന നേതാക്കളായ ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, ഡൊമിനിക് പ്രസന്റേഷൻ, എൻ വേണുഗോപാൽ എന്നിവരെ അറിയിക്കുകപോലും ചെയ്യാതെയാണ് പി ടി തോമസിന്റെ വസതി സന്ദർശിച്ചതെന്നാണ് പരാതി. മണ്ഡലത്തിലുള്ള ഒമ്പതു ജില്ലാ ഭാരവാഹികളുമായും ചർച്ച ചെയ്തില്ല. സ്ഥാനാർഥിയെ തീരുമാനിച്ചോയെന്ന ചോദ്യത്തിന് പി ടി തോമസിന്റെ നിലപാടും പ്രധാനമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ പ്രതികരിച്ചിരുന്നു. കുടുംബവാഴ്ചയ്ക്ക് പി ടി എതിരായിരുന്നെന്നും ചാനൽ ചർച്ചയിൽ പറഞ്ഞു. തങ്ങൾക്ക് അവകാശപ്പെട്ട തൃക്കാക്കര സീറ്റ് സുധാകരന്റെ അക്കൗണ്ടിലാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ് നേതാക്കൾ.