തിരുവനന്തപുരം
ആഘോഷമേതായാലും അതിനെ ചോരയിൽമുക്കുന്ന കുതന്ത്രമാണ് ആർഎസ്എസും എസ്ഡിപിഐയും തുടരുന്നത്. പലപ്പോഴും കോൺഗ്രസും ഈ പാതയിലുണ്ട്. എതിരാളികളെ അരിഞ്ഞുതള്ളാനുള്ള ഏറ്റവും ഉചിതസമയമായാണ് ഇവർ ആഘോഷത്തെ കാണുന്നത്. എല്ലാവരും ആഘോഷത്തിൽ മുഴുകുന്ന സമയത്ത് കൊല നടത്തുന്നതിനു പിന്നിലെ ലക്ഷ്യം പലതാണ്. ശ്രദ്ധ തിരിക്കൽ, പൊലീസ് നടപടിക്ക് കാലതാമസം നേരിടുമെന്ന ധാരണ, നാടിനെ ഭീതിയിലാക്കൽ, കനത്ത ആഘാതമേൽപ്പിക്കൽ തുടങ്ങിയവയാണ് പ്രധാനം.
പാലക്കാട് കൊലപാതകങ്ങൾ വിഷുദിനങ്ങളിലാണ്. കണ്ണൂരിൽ സിപിഐ എം നേതാവ് പി ജയരാജനെ ആർഎസ്എസ് സംഘം അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് തിരുവോണനാളിലായിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഹഖ് മുഹമ്മദിനെയും- മിഥിലാജിനെയും കോൺഗ്രസുകാർ അരുംകൊല ചെയ്തതും തിരുവോണത്തലേന്ന്. ആലപ്പുഴ ചേർത്തലയിൽ അഭിമന്യുവിനെ കൊലചെയ്തത് പ്രാദേശിക ഉത്സവനാളിലാണ്. കാസർകോട്ട് സി നാരായണനെ കൊലപ്പെടുത്തിയതും തിരുവോണനാളിൽ. പാലക്കാട് പൊറ്റശേരിയിൽ ഹരിദാസ്, ചാലക്കുടിയിൽ വിൻസന്റ് എന്നിവർ വിഷുനാളിലാണ് കൊല്ലപ്പെട്ടത്.
കാസർകോട്ട് പ്രഭാകരനെയും ആർഎസ്എസുകാർ വിഷുവിന് വകവരുത്തി. ഉദാഹരണങ്ങൾ അനവധിയാണ്. കേരളത്തിൽ അടുത്തകാലത്ത് നടന്ന പല ആർഎസ്എസ് ബൈഠക്കുകളിലും ഏതുവിധേനയും മേൽക്കൈ നേടാനുള്ള നീക്കം ശക്തമാക്കണമെന്ന് ആർഎസ്എസ് തീരുമാനിച്ചിരുന്നു. അതിനുള്ള റോഡ്മാപ്പും തയ്യാറാക്കിയിട്ടുണ്ട്. ഒരടി ഉണ്ടായാൽ മണിക്കൂറുകൾക്കകം തിരിച്ചടിക്കാനുള്ള പദ്ധതി എസ്ഡിപിഐയും തയ്യാറാക്കിയിട്ടുണ്ട്.