തിരുവനന്തപുരം
കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ കെ വി തോമസിനും പി ജെ കുര്യനുമെതിരെ രൂക്ഷവിമർശം. ഇരുവർക്കുമെതിരെ അച്ചടക്കനടപടി സംബന്ധിച്ച തീരുമാനം ഹൈക്കമാൻഡിന് വിട്ടു. രാഹുൽ ഗാന്ധിയെ വിമർശിച്ചതിനാണ് പി ജെ കുര്യനെതിരെ ആക്രമണം. ടി എൻ പ്രതാപനാണ് ഇരുവർക്കുമെതിരെ ആദ്യം രംഗത്തെത്തിയത്. ഇരുവരെയും പുറത്താക്കണമെന്ന പൊതുവികാരമാണ് സമിതിയിൽ ഉയർന്നത്.
രാഷ്ട്രീയകാര്യസമിതി അംഗമായ പി ജെ കുര്യൻ യോഗത്തിനെത്തിയില്ല. വ്യക്തിപരമായ അസൗകര്യംമൂലമാണ് എത്താത്തതെന്ന് നേതൃത്വം വിശദീകരിച്ചെങ്കിലും വിമർശം മുന്നിൽക്കണ്ടാണ് വിട്ടുനിന്നതെന്ന് വ്യക്തം. കെ വി തോമസിനെ യോഗത്തിന് വിളിച്ചില്ല. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ തുടങ്ങിയവർ വിട്ടുനിന്നു. നേതൃത്വവുമായുള്ള അതൃപ്തിയാണ് മുല്ലപ്പള്ളി വിട്ടുനിൽക്കാൻ കാരണം.
അംഗത്വവിതരണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഉന്നംവച്ച് എ, ഐ നേതാക്കൾ തുറന്നടിച്ചു. കൂടിയാലോചനയില്ലാതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും കൂട്ടായ പ്രവർത്തനമില്ലെന്നും കെ സി ജോസഫ്, ബെന്നി ബഹനാൻ എന്നിവർ വിമർശിച്ചു. ജെബി മേത്തർക്ക് രാജ്യസഭാ സീറ്റ് നൽകിയതിനെ ഷാനിമോൾ ഉസ്മാൻ പരിഹസിച്ചു.
സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടക്കാതെ പാർടിയെ ഹൈജാക്ക് ചെയ്യാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന കുറ്റപ്പെടുത്തലുമുണ്ടായി. പി ജെ കുര്യനും കെ വി തോമസും എല്ലാം നേടിയിട്ട് പാർടിയെ തള്ളിപ്പറഞ്ഞെന്ന് പ്രതാപൻ ആരോപിച്ചു. ഇരുവർക്കുമെതിരെ കർശന അച്ചടക്ക നടപടിയെന്ന പ്രതാപന്റെ ആവശ്യത്തിന് എതിർപ്പുണ്ടായില്ല. അതേസമയം, രാഹുൽ ഗാന്ധിക്കെതിരെയും നെഹ്റു കുടുംബത്തിനെതിരെയും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്ന വിശദീകരണവുമായി പി ജെ കുര്യൻ രംഗത്തുവന്നു. അഭിമുഖത്തിലെ വാചകങ്ങൾ അപൂർണമായി പ്രസിദ്ധീകരിച്ച് തെറ്റിദ്ധാരണ പരത്തി. രാഹുൽഗാന്ധി തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് അധ്യക്ഷനായാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.