കൊച്ചി
സഹകരണമേഖലയെ തകർക്കാനുള്ള എല്ലാ നീക്കങ്ങൾക്കുമെതിരെ സഹകാരികൾ ജാഗ്രതപാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി മറൈൻഡ്രൈവിൽ സംഘടിപ്പിച്ച സംസ്ഥാന സഹകരണ എക്സ്പോ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ സഹകരണരംഗം വലിയ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും വ്യാപിച്ച സഹകരണപ്രസ്ഥാനത്തെ തകർക്കാൻ ചില നീക്കങ്ങൾ നടന്നിരുന്നു. സഹകരണരംഗവും സഹകാരികളും യോജിപ്പോടെ നടത്തിയ ചെറുത്തുനിൽപ്പിലൂടെ അതിനെ പരാജയപ്പെടുത്താനായി. ഇനിയും അത്തരം നീക്കങ്ങൾ വരുന്നുണ്ട്. അതിനെതിരെ വലിയ ജാഗ്രതപാലിക്കണം.
ആഗോളവൽക്കരണനയങ്ങൾ പിന്തുടരാൻ തുടങ്ങിയതോടെയാണ് സഹകരണമേഖലയ്ക്ക് മുമ്പുണ്ടായിരുന്ന പ്രാമുഖ്യം ലഭിക്കാതായത്. എന്നാൽ, കേരളത്തിൽ എല്ലാ സർക്കാരുകളും സഹകരണമേഖലയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കൈക്കൊണ്ടത്. ആ പിന്തുണകൂടിയുള്ളതുകൊണ്ടാണ് എതിർനീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാൻ സഹകരണമേഖലയ്ക്കായത്. ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ രംഗത്തും സഹകരണമേഖലയുടെ ഇടപെടൽ വലുതാണ്. പ്രളയകാലത്തും കോവിഡ് മഹാമാരി പ്രതിരോധത്തിലുമെല്ലാം അത് ദൃശ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേളവിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടിയും സംഘവും അവതരിപ്പിച്ച ത്രിത്തായമ്പകയ്ക്കുപിന്നാലെയാണ് എക്സ്പോ തുടങ്ങിയത്. സഹകരണമന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. സ്റ്റാളുകളുടെ ഉദ്ഘാടനം വ്യവസായമന്ത്രി പി രാജീവ് നിർവഹിച്ചു.
മേയർ എം അനിൽകുമാർ, എംഎൽഎമാരായ ടി ജെ വിനോദ്, കെ എൻ ഉണ്ണിക്കൃഷ്ണൻ, കെ ജെ മാക്സി, പി വി ശ്രീനിജിൻ, പിഎസിഎസ് അസോസിയേഷൻ പ്രസിഡന്റ് വി ജോയി, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, കലക്ടർ ജാഫർ മാലിക്, സഹകരണ യൂണിയൻ സംസ്ഥാന ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ എന്നിവർ പങ്കെടുത്തു. സഹകരണ സെക്രട്ടറി മിനി ആന്റണി സ്വാഗതവും രജിസ്ട്രാർ ഡോ. അദീല അബ്ദുള്ള നന്ദിയും പറഞ്ഞു. ചടങ്ങിൽ മട്ടന്നൂർ ശങ്കരൻകുട്ടിയെ പൊന്നാട അണിയിച്ചു. ഫെസ്റ്റിവൽ ബുക്കിന്റെയും ബുള്ളറ്റിനിന്റെയും പ്രകാശനവും നടന്നു. തുടർന്ന് ഇപ്റ്റയുടെ സ്റ്റേജ് ഷോ അരങ്ങേറി.