മാഡ്രിഡ്/ലണ്ടൻ
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും നേർക്കുനേർ. ഇരുപാദ ക്വാർട്ടറിൽ അത്ലറ്റികോ മാഡ്രിഡിനെ ഒരു ഗോളിന് മറികടന്നാണ് പെപ് ഗ്വാർഡിയോളയുടെ സിറ്റി അവസാന നാലിൽ ഇടംപിടിച്ചത്. അത്ലറ്റികോയുടെ തട്ടകത്തിൽ നടന്ന രണ്ടാംപാദം ഗോളില്ലാതെ പിരിഞ്ഞു. മുൻ ചാമ്പ്യൻമാരായ ലിവർപൂളും വിയ്യാറയലും തമ്മിലാണ് മറ്റൊരു സെമി.
രണ്ടാംപാദത്തിൽ ബെൻഫിക്കയോട് 3–-3ന് പരീക്ഷണം നേരിട്ടെങ്കിലും യുർഗൻ ക്ലോപിന്റെ ലിവർപൂൾ കടന്നു. ഇരുപാദത്തിലുമായി 6–-4ന്റെ ജയം. ഏപ്രിൽ 26നും 27നുമാണ് ഒന്നാംപാദ സെമി. രണ്ടാമത്തേത് മെയ് മൂന്നിനും നാലിനും നടക്കും.
എതിർതട്ടകത്തിൽ അത്ലറ്റികോയ്ക്കെതിരെ സമർഥമായാണ് സിറ്റി കളിച്ചത്. പ്രതിരോധമായിരുന്നു ഏകവഴി. എതിരാളികളുടെ അതേ തന്ത്രം പയറ്റി ജയവുമായി മടങ്ങി. രണ്ടാംപകുതിയിൽ കളി പരുക്കനായി. അത്ലറ്റികോ–-സിറ്റി കളിക്കാർ പലപ്പോഴും ഏറ്റുമുട്ടലിന് അടുത്തെത്തി. 10 പേരുമായാണ് അത്ലറ്റികോ കളി അവസാനിപ്പിച്ചത്. പരിക്കുസമയം രണ്ടാം മഞ്ഞ കാർഡ് കണ്ട് പ്രതിരോധക്കാരൻ ഫെലിപ്പെ മടങ്ങി. പരിശീലകക്കുപ്പായത്തിൽ ഒമ്പതാം ചാമ്പ്യൻസ് ലീഗ് സെമിക്കാണ് ഗ്വാർഡിയോള യോഗ്യത നേടിയത്. മറ്റാർക്കുമില്ലാത്ത നേട്ടം.
ആദ്യപാദത്തിൽ 3–-1ന് ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ലിവർപൂൾ ബെൻഫിക്കയ്ക്കെതിരെ ഇറങ്ങിയത്. എന്നാൽ, സ്വന്തം തട്ടകത്തിൽ വിയർത്തു. ബെൻഫിക്ക തകർപ്പൻ കളി പുറത്തെടുത്തു.