മാഡ്രിഡ്
കരീം ബെൻസെമയ്ക്കുമുമ്പിൽ ചെൽസി ഒരിക്കൽക്കൂടി തോറ്റുപോയി. 96–-ാം മിനിറ്റിൽ ഈ റയൽ മാഡ്രിഡുകാരൻ ചാമ്പ്യൻമാരുടെ ഹൃദയം തുളച്ചു. രണ്ടാംപാദ ക്വാർട്ടറിൽ 2–-3ന് തോറ്റെങ്കിലും ഇരുപാദമത്സരത്തിൽ 5–-4ന് മുന്നിലെത്തി റയൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമിയിലെത്തി. പിന്നിട്ടശേഷമായിരുന്നു തിരിച്ചുവരവ്. സാന്റിയാഗോ ബെർണബ്യൂവിൽ അധികസമയത്ത് ബെൻസെമയാണ് റയലിന്റെ വിജയഗോൾ കുറിച്ചത്. ആദ്യപാദം ഹാട്രിക് നേടിയിരുന്നു മുപ്പത്തിനാലുകാരൻ.
പതിമൂന്നുവട്ടം കിരീടം ചൂടിയ റയൽ 15–-ാം സെമിക്കാണ് ടിക്കറ്റെടുത്തത്. കഴിഞ്ഞതവണ സെമിയിൽ ചെൽസിയോട് വീഴുകയായിരുന്നു.
സ്വന്തംതട്ടകത്തിലെ 1–-3ന്റെ തോൽവിഭാരവുമായിട്ടാണ് ചെൽസി എത്തിയത്. സ്റ്റാംഫോർഡ് ബ്രിഡ്ജിലെ മത്സരശേഷം പരിശീലകൻ തോമസ് ടുഷെൽ ഇനി ഒരു തിരിച്ചുവരവ് അസാധ്യമെന്നും പ്രഖ്യാപിച്ചിരുന്നു. പക്ഷേ, കളത്തിൽ കണ്ടത് മറ്റൊരു ചെൽസിയെയായിരുന്നു. തുടക്കംതൊട്ട് റയലിനെ വിറപ്പിച്ചു. മധ്യനിരയിൽ മാസൺ മൗണ്ട് കളി നെയ്തു. മുന്നേറ്റത്തിൽ കയ് ഹവേർട്സിനും ടിമോ വെർണർക്കും നിരന്തരം പന്തെത്തി. മാർകോസ് അലോൺസോയും റൂബെൻ ലൊഫ്ടസ് ചീക്കുമായിരുന്നു വിങ്ങുകളിൽ. തിയാഗോ സിൽവയും അന്റോണിയോ റൂഡിഗറും പ്രതിരോധ ചുമതല ഏറ്റെടുത്തു. ജോർജീന്യോ പുറത്തിരുന്നു.
റയലിന് ഒപ്പമെത്താൻ രണ്ട് ഗോൾ അനിവാര്യമാണെന്ന ബോധത്തിലായിരുന്നു നീക്കം. തുടക്കംതന്നെ മൗണ്ടിലൂടെ അക്കൗണ്ട് തുറന്ന ചെൽസി 51–-ാം മിനിറ്റിൽ റൂഡിഗറിലൂടെ രണ്ടാംഗോളും നേടി.
ഇതോടെ ഇരുപാദം 3–-3ന് തുല്യമായി. റയൽ ക്ഷീണിച്ചുതുടങ്ങി. ചെൽസിയാകട്ടെ കരുത്തുകൂട്ടി. ഇതിനിടെ അലോൺസോ വലകുലുക്കിയെങ്കിലും വാർ തടഞ്ഞു. എന്നാൽ, തൊട്ടുപിന്നാലെ വെർണറിലൂടെ ചെൽസി മുന്നിലെത്തി. മൂന്ന് ഗോൾ വീണതിന് വിലപിക്കുകയായിരുന്നില്ല റയൽ. ആക്രമണത്തിന്റെ മൂർച്ച കൂട്ടി അവർ. പകരക്കാരനായെത്തിയ ബ്രസീൽ കൗമാരക്കാരൻ റോഡ്രിഗോ ലൂക്കാ മോഡ്രിച്ചിന്റെ അസാമാന്യ പാസിൽനിന്ന് ചെൽസി വലകുലുക്കി. ഒപ്പമെത്തിയതിന്റെ വീര്യം റയൽ താരങ്ങളുടെ സിരകളിലേക്ക് പടർന്നു. നിശ്ചിതസമയം 4–-4 ആയതോടെ കളി തുടർന്നു.
അധികസമയത്തിന്റെ തുടക്കംതന്നെ ഹെഡ്ഡറിലൂടെ ബെൻസെമ വിധിയെഴുതി. അതുവരെ പതറാതെ പോരാടിയ ചെൽസി തലകുനിച്ചു. 30 മിനിറ്റിന്റെ അധികസമയത്തെ പരീക്ഷണത്തിനുശേഷം സാന്റിയാഗോ ബെർണബ്യൂവിൽ റയൽ ആഹ്ലാദിച്ചു.
റയൽ പരിശീലകൻ കാർലോ ആൻസെലോട്ടിയുടെ എട്ടാം ചാമ്പ്യൻസ് ലീഗ് സെമിഫെെനലാണിത്.