തിരുവനന്തപുരം
തൊഴിലാളികൾക്കെതിരെ നിരന്തരം വ്യാജവാർത്ത നൽകുന്ന പ്രചാരവേല മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദേശീയ പണിമുടക്ക് തടഞ്ഞുള്ള വിധിക്കെതിരെ തൊഴിലാളികൾ ഹൈക്കോടതി മാർച്ച് നടത്തിയിരുന്നു. സമരം ഉദ്ഘാടനം ചെയ്ത് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം നടത്തിയ പ്രസംഗം മലയാള മനോരമ തെറ്റായ തലക്കെട്ടോടെയാണ് റിപ്പോർട്ട് ചെയ്തത്. ഇത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തു.
“പണിമുടക്കിയവർക്ക് ശമ്പളം നൽകിയില്ലെങ്കിൽ റിഫൈനറി സ്തംഭിപ്പിക്കുമെന്ന് എളമരം കരീം’ എന്നായിരുന്നു തലക്കെട്ട്. തൊഴിലാളി സമരങ്ങളെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. ബിപിസിഎൽ – കൊച്ചി റിഫൈനറി തൊഴിലാളികൾ രണ്ടാഴ്ച മുമ്പ് നോട്ടീസ് നൽകിയാണ് പണിമുടക്കിയത്. തൊഴിലാളികളുടെ 16 ദിവസത്തെ വേതനം പിടിച്ചുവയ്ക്കാനുള്ള നടപടിയുമായി മാനേജ്മെന്റ് മുന്നോട്ടു പോകുകയാണ്. ഒരു നിയമവും ഇതിന് അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വേതനം പിടിച്ചാൽ, റിഫൈനറിയിൽനിന്ന് ഒരു തുള്ളി ഇന്ധനം പുറത്തുവിടാത്ത വിധത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനെയാണ് മനോരമ തെറ്റായി വ്യാഖ്യാനിച്ചതെന്നും പ്രസ്താവനയിൽ പറഞ്ഞു.