ബീജിങ്
ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചതോടെ ഷാങ്ഹായിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസില്‍ നേരിട്ടെത്തിയുള്ള ഇടപാടുകൾ താൽക്കാലികമായി നിര്‍ത്തി. കിഴക്കന്‍ ചൈനയിലുള്ള ഇന്ത്യക്കാര്‍ക്ക് ബീജിങ്ങിലുള്ള ഓഫീസില്‍നിന്ന് അത്യാവശ്യ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. 1000 ഇന്ത്യക്കാരാണ് ഇപ്പോള്‍ നഗരത്തിലുള്ളത്. ഇവര്‍ക്കുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ കോണ്‍സുലേറ്റിലെ 22 ഉദ്യോഗസ്ഥരും വീടുകളില്‍നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോണ്‍സുല്‍ ജനറല്‍ ഡി നന്ദകുമാര്‍ അറിയിച്ചു. വ്യാപക മാരകശേഷിയുള്ള കോവിഡിന്റെ ബിഎ ടു വകഭേദമാണ് ചൈനയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്ന് അടച്ചിടലും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച 1189 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങളില്ലാത്ത 25,141 രോഗികൾകൂടി ഉണ്ടായതോടെ ഷാങ്ഹായ് നഗരത്തില്‍ രോഗികളുടെ എണ്ണം 26,000 കടന്നു.