ന്യൂഡൽഹി
ഹരിദ്വാറിൽ മതസമ്മേളനത്തിലെ വിദ്വേഷപ്രസംഗ കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് സർക്കാരിനോട് സുപ്രീംകോടതി. യതി നരസിംഹാനന്ദ് ഉൾപ്പെടെയുള്ള തീവ്രഹിന്ദുത്വ നേതാക്കൾ മുസ്ലിങ്ങൾക്ക് എതിരെ നടത്തിയ വിദ്വേഷപ്രസംഗത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. നാല് കേസെടുത്തെന്നും മൂന്ന് എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചെന്നും ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.
ഹിമാചൽപ്രദേശിലും സമാനമായ സമ്മേളനം സംഘടിപ്പിക്കാൻ തീവ്രഹിന്ദുത്വ സംഘടനകൾ നീക്കം നടത്തുന്നുണ്ടെന്ന് ഹർജിക്കാർ അറിയിച്ചു. കലക്ടർമാർക്കും പൊലീസിനും പരാതി നൽകാൻ സുപ്രീംകോടതി നിർദേശിച്ചു. പട്ന ഹൈക്കോടതി മുൻ ജഡ്ജി അഞ്ജനാപ്രകാശും മാധ്യമപ്രവർത്തകൻ കുർബാൻ അലിയുമാണ് ഹർജി നൽകിയത്.