തൃശൂർ
നേതൃത്വമില്ലായ്മയും കുതികാൽവെട്ടും വഴി കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്ന് കത്തോലിക്കാ സഭ. രാഹുൽഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണം. പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയിക്കാനാവില്ല. ദേശീയതലത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം എന്ന പ്രതീക്ഷപോലും കോൺഗ്രസിന് ഇല്ലാതായെന്നും തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ തുറന്നടിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയുള്ള ‘കോൺഗ്രസ് ദേശീയ ബദലിൽനിന്ന് അകലുന്നുവോ’ എന്ന ലേഖനത്തിലാണ് രൂക്ഷവിമർശം. പ്രസിഡന്റാകാൻ ഇല്ലെന്നു പറയുകയും പ്രസിഡന്റിന്റെ റോളിൽ ചരടുവലിക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കില്ല. യുപിയിൽ പ്രിയങ്കഗാന്ധി വലിയ പരീക്ഷണം നടത്തിയിട്ടും കോൺഗ്രസ് ഇല്ലാതായി. നേതാക്കൾ തമ്മിലടിച്ച് ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതത്തിന് കുടപിടിക്കുകയാണ്. മതേതര മൂല്യങ്ങൾ സംരക്ഷിക്കാനും ജനാധിപത്യ സങ്കല്പം വളർത്താനും കോൺഗ്രസിനാകുന്നില്ല. അധികാരമോഹികളുടെ കൂട്ടായ്മയായി തരംതാഴുന്നു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രംപേറുന്ന കോൺഗ്രസ് കാഴ്ചക്കാർ മാത്രമാകുന്നു. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ തെരഞ്ഞെടുപ്പിന് നാലുമാസം മുമ്പ് നീക്കി ശവക്കുഴി നേരത്തേ തോണ്ടി. കേരളത്തിലടക്കം കോൺഗ്രസ് തമ്മിലടിച്ച് കഴിയുകയാണ്. തിരുത്തിയില്ലെങ്കിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പിലും ദുർഗതിയാകുമെന്നും ലേഖനത്തിൽ പറഞ്ഞു.