തിരുവനന്തപുരം
നിങ്ങളുടെ ഭക്ഷണത്തിൽ മായമുണ്ടോ… എങ്ങനെ അറിയും. അതോർത്തിനി ബേജാറാകണ്ട. എല്ലാജില്ലയിലും വീടിനുമുന്നിൽ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബെത്തുന്ന ആദ്യ സംസ്ഥാനമാകുകയാണ് കേരളം.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസർകോട് ജില്ലയിൽക്കൂടിയാണ് മൊബൈൽ ലബോറട്ടറി സജ്ജമാക്കിയത്. ചൊവ്വ പകൽ രണ്ടിന് തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ലാബുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും. സംസ്ഥാന സർക്കാരിന്റെയും എഫ്എസ്എസ്എഐയുടെയും സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. പൊതു മാർക്കറ്റ്, റസിഡൻഷ്യൽ ഏരിയ തുടങ്ങിയ സ്ഥലങ്ങളിൽ മൊബൈൽ ലാബ് എത്തുന്ന സമയം മുൻകൂട്ടി അറിയിക്കും.
പരിശോധനയ്ക്കൊപ്പം അങ്കണവാടി–-കുടുംബശ്രീ പ്രവർത്തകർ, ഭക്ഷ്യ ഉൽപ്പാദകർ തുടങ്ങിയവർക്ക് പരിശീലനവും നൽകും. ക്യുക്ക് അഡൽറ്ററേഷൻ ടെസ്റ്റ്, മൈക്രോബയോളജി, കെമിക്കൽ അനാലിസിസ് തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങളുണ്ട്. കുടിവെള്ളം, പാൽ, എണ്ണ, മീൻ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയിലെ മായങ്ങളും കൃത്രിമ നിറങ്ങളും പരിശോധനയിലൂടെ കണ്ടുപിടിക്കാം. കൂടുതൽ പരിശോധന ആവശ്യമുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ ലാബിലേക്ക് അയക്കും.