ലണ്ടൻ
ഏഴുമത്സരം ബാക്കിനിൽക്കേ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൾ കിരീടപ്പോരാട്ടം കനത്തു. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഇഞ്ചോടിച്ച് പോരാട്ടത്തിലാണ്. ഒന്നാമതുള്ള സിറ്റിക്ക് 74. തൊട്ടുപിറകെ 73 പോയിന്റുമായി ലിവർപൂളും. സിറ്റിയുടെ തട്ടകമായ ഇത്തിഹാദിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ഒപ്പത്തിനൊപ്പമായിരുന്നു. 2–-2ന് കളി പിരിഞ്ഞു. സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെയും ലിവർപൂളിന്റെ യുർഗൻ ക്ലോപ്പിന്റെയും തന്ത്രങ്ങളുടെ മാറ്റുരയ്ക്കൽ കൂടിയായിരുന്നു ഇത്.
സിറ്റിക്ക് തുടക്കത്തിൽ 10 പോയിന്റിലധികം ലീഡുണ്ടായിരുന്നു. പിന്നീട് തിരിച്ചടി നേരിട്ടു. ലിവർപൂളാകട്ടെ തോൽവിയറിയാതെ കുതിച്ചു. ഇരുടീമും മുഖാമുഖം എത്തിയപ്പോൾ ജയിക്കുന്നവർക്ക് ഒരുപടി മുന്നേറാമായിരുന്നു. എന്നാൽ, അവിടെയും തുല്യശക്തികളായി. കെവിൻ ഡി ബ്രയ്നിലൂടെയും ഗബ്രിയേൽ ജെസ്യൂസിലൂടെയും രണ്ടുവട്ടം സിറ്റി ലീഡ് എടുത്തതാണ്. എന്നാൽ, ദ്യേഗോ ജോട്ടയും സാദിയോ മാനെയും ലിവർപൂളിനെ ഒപ്പമെത്തിച്ചു. ബാക്കിയുള്ള കളികളിൽ ലിവർപൂളിനാണ് കടുപ്പം. മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ഹോട്സ്പർ, ആസ്റ്റൺ വില്ല തുടങ്ങിയ ടീമുകളുമായി മത്സരമുണ്ട്. സിറ്റിക്ക് താരതമ്യേന എളുപ്പമാണ്.
ടീം, പോയിന്റ്
മാഞ്ചസ്റ്റർ സിറ്റി 74
ലിവർപൂൾ 73
ചെൽസി 62
ടോട്ടനം ഹോട്സ്പർ 57
അഴ്സണൽ 54