മലപ്പുറം
സ്വന്തം നാട്ടിൽ കിരീടം ഉയർത്താനുള്ള കഠിന പരിശീലനത്തിലാണ് കേരള ടീം. സന്തോഷ് ട്രോഫി ഫുട്ബോളിൽ ഏഴാംകിരീടം തേടിയാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇറങ്ങുക. 16ന് രാത്രി എട്ടിന് രാജസ്ഥാനുമായാണ് ആദ്യകളി. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ അവസാനഘട്ട പരിശീലനത്തിലാണ്. ടീം 13ന് പ്രഖ്യാപിക്കും. 30 പേരാണ് ക്യാമ്പിലുള്ളത്. 20 അംഗങ്ങളായി ചുരുക്കും.
ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിൽ കളിച്ച ഗോകുലം എഫ്സിയുടെ മുൻതാരം എസ് രാജേഷിന് പരിക്കാണ്. യോഗ്യതാ റൗണ്ടിൽ ദുർബലരായ ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആൻഡമാൻ ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിലുണ്ടായിരുന്നത്. അതിനാൽ കടുത്ത വെല്ലുവിളി നേരിടേണ്ടിവന്നില്ല. എന്നാൽ, ഫൈനൽ റൗണ്ട് എളുപ്പമല്ല. എ ഗ്രൂപ്പിൽ കരുത്തരായ പശ്ചിമ ബംഗാൾ, മേഘാലയ, പഞ്ചാബ്, രാജസ്ഥാൻ ടീമുകളാണുള്ളത്.
യോഗ്യത നേടിയ 10 ടീമും മികച്ചതാണെന്ന് കേരള ടീം മുഖ്യ പരിശീലകൻ ബിനോ ജോർജ് പറഞ്ഞു. കളിക്കാരെല്ലാം ആത്മവിശ്വാസത്തിലാണ്. നാട്ടിൽ കളിക്കുന്നതിന്റെ സന്തോഷമുണ്ട്. ഗോൾകീപ്പിങ് പരിശീലകൻ സജി ജോയിയുടെ കീഴിൽ ഗോളിമാർക്ക് പ്രത്യേക പരിശീലനം നൽകുന്നു.
ക്യാമ്പിലുള്ള പല താരങ്ങൾക്കും കേരള പ്രീമിയർ ലീഗ് കളിക്കാൻ പോകേണ്ടിവന്നു. ഈ കുറവ് പരമാവധി പരിഹരിച്ചാണ് ക്യാമ്പ് മുന്നോട്ടുപോയത്. ഗോൾകീപ്പർ വി മിഥുൻ, മധ്യനിരക്കാരൻ അർജുൻ ജയരാജ്, കെഎസ്ഇബിയുടെ നിജോ ഗിൽബർട്ട്, മുഹമ്മദ് ബാസിത്, കെ സൽമാൻ, അജയ് അലക്സ്, ജിജോ ജോസഫ്, ജി സഞ്ജു, ടി കെ ജെസിൻ, പി അഖിൽ എന്നിവരടങ്ങിയ നിര ഏത് ടീമിനും വെല്ലുവിളി ഉയർത്തും.
രണ്ട് ഗ്രൂപ്പിലായി 10 ടീമുകളാണുള്ളത്. ഗുജറാത്ത്, കർണാടകം, ഒഡിഷ, സർവീസസ്, മണിപ്പുർ ടീമുകളാണ് ബി ഗ്രൂപ്പിൽ. ഇരുഗ്രൂപ്പിൽനിന്നും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലെത്തും. 28നും 29നും രാത്രി എട്ടിനാണ് സെമി. ഫൈനൽ മെയ് രണ്ടിന് രാത്രി എട്ടിനും.