അയർലണ്ട്> പ്രവാസികളായ നഴ്സുമാരുടെയും പുതിയതായി അയർലണ്ടിലേക്ക് വർക്ക് പെർമിറ്റ് ലഭിച്ചു ജോലിക്ക് വരുന്ന ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെയും വിവിധ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുവേണ്ടി മന്ത്രി ജാക്ക് ചേംബേഴ്സുമായി മൈഗ്രന്റ് നഴ്സസ് അയർലൻഡ് ചർച്ച നടത്തി . മന്ത്രിതല ചർച്ചകൾക്ക് തുടക്കമിടുന്നതിന്റെ ഭാഗമായിട്ടാണ് ചീഫ് വിപ്പും മന്ത്രിയുമായ ജാക്ക് ചേംബേഴ്സുമായി മൈഗ്രന്റ് നഴ്സസ് അയർലൻഡ് (MNI) ഭാരവാഹികൾ ചർച്ച നടത്തിയത്. MNI കൺവീനർ വർഗീസ് ജോയ്, ട്രെഷറർ രാജിമോൾ മനോജ്, നാഷണൽ മെമ്പർഷിപ് കോർഡിനേറ്റർ വിനു കൈപ്പിള്ളി എന്നിവരാണ് മന്ത്രിയുമായി മാർച് 30 ബുധനാഴ്ച ഡിപ്പാർട്മെന്റ് ഓഫ് ടീഷോകിന്റെ (പ്രധാനമന്ത്രി) ഓഫിസിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്.
അയർലൻ്റിലെ ആരോഗ്യമേഖലയിൽ , വിദേശ തൊഴിലാളികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവരുടെ താമസം, വിസാ നിബന്ധനകൾ , തൊഴിൽ സാഹചര്യങ്ങൾ, മറ്റാനുകൂല്യങ്ങൾ എന്നിവയെ പറ്റി മന്ത്രിയുമായി വിശദമായ ചർച്ച നടത്തിയതായി MNI ഭാരവാഹികൾ അറിയിച്ചു.
ആരോഗ്യ മേഖലയിലെ വിദേശ തൊഴിലാളികളേ പ്രതിനിധീകരിച്ച് തുടർന്നും, മന്ത്രിതലചർച്ചകളിൽ ഏർപ്പെടുമെന്നും, പ്രതിരോധ, കായിക മന്ത്രി കൂടിയായ ജാക്ക് ചേമ്പേഴ്സിനെ കണ്ട ശേഷം MNI ഭാരവാഹികൾ പ്രസ്താവിച്ചു. പുതുതായി അയർലണ്ടലെത്തുന്ന നഴ്സുമാർക്ക് താമസ സൗകര്യങ്ങളുടെ ലഭ്യതക്കുറവിൻ്റെ ഗുരുതരാവസ്ഥ പഠിക്കാനും പരിഹരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാം എന്നും, സീനിയർ ഹെൽത്ത് കെയർ അസിസ്റ്റന്റ് വിസയിൽ എത്തുന്നവരുടെ ആശ്രിതർക്ക് ജോലി ലഭിക്കുന്നതിനുതകുന്ന വിസ മാറ്റങ്ങൾ മന്ത്രിതലത്തിൽ ചർച്ചക്ക് വിധേയമാക്കാം എന്നും മന്ത്രി ഉറപ്പ് നൽകിയതായി MNI അറിയിച്ചു.
MNIയുമായി ചർച്ച നടത്തിയ കാര്യം മന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിക്കുകയും തുടർന്നും MNIയുടെ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുമെന്നും അറിയിച്ചു.മൈഗ്രന്റ് നഴ്സസ് അയർലണ്ടിൽ ഫ്രീ അംഗത്വം എടുക്കുന്നതിനുള്ള ലിങ്ക് ചുവടെ
https://migrantnurses.ie/join-mni/