ക്രൈസ്റ്റ്ചർച്ച്
ഒറ്റക്കളിയും തോൽക്കാതെ ഓസ്ട്രേലിയൻ വനിതകൾക്ക് ലോക കിരീടം. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 71 റണ്ണിന് തോൽപ്പിച്ചാണ് ഏഴാംതവണ ജേതാക്കളായത്.
സ്കോർ: ഓസീസ് 5–-356, ഇംഗ്ലണ്ട് 285 (43.4).
തകർപ്പൻ സെഞ്ചുറി നേടിയ വിക്കറ്റ്കീപ്പർ ഓപ്പണർ അലിസ ഹീലിയാണ് ഫൈനലിലെ താരം. 138 പന്തിൽ 170 റൺ. അതിൽ 26 ഫോറുണ്ട്. ഒമ്പതുകളിയിൽ 509 റണ്ണുമായി മുപ്പത്തിരണ്ടുകാരി ലോകകപ്പിലെ താരമെന്ന ബഹുമതിയും നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ഓസീസിനായി റേച്ചൽ ഹെയ്ൻസും(68) ബെത്ത് മൂണിയും (62) തിളങ്ങി.
ഇംഗ്ലണ്ടിനായി നതാലി സ്കീവർ 148 റണ്ണുമായി പുറത്താകാതെനിന്നെങ്കിലും പിന്തുണയ്ക്കാൻ ആളുണ്ടായില്ല. സ്പിന്നർമാരായ അലന കിങ്ങും ജെസ് ജൊനാസനും മൂന്ന് വിക്കറ്റുവീതം നേടി ഇംഗ്ലണ്ടിനെ തകർത്തു.
വനിതാ ലോകകപ്പ് ഫൈനലിലെ ഉയർന്ന സ്കോറാണ് ഓസീസിന്റേത്. ഓസീസ് ക്യാപ്റ്റൻ മെഗ് ലാന്നിങ്ങിന് നാല് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കിരീടമായി. മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനുമാത്രമാണ് മുമ്പ് ഈ നേട്ടം.