തേഞ്ഞിപ്പലം
ലോങ്ജമ്പിൽ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയിട്ടും കേരളത്തിന്റെ ചാട്ടക്കാരൻ എം ശ്രീശങ്കറിന് വെള്ളി. ചാടിയ ദൂരം 8.36 മീറ്റർ. ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ തമിഴ്നാടിന്റെ ജസ്വിൻ ആൻഡ്രിനാണ് സ്വർണം. ദേശീയ ദൂരത്തേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും (8.37 മീറ്റർ) കാറ്റിന്റെ ആനുകൂല്യം ലഭിച്ചത് ജസ്വിന് തിരിച്ചടിയായി. സ്വർണം കിട്ടിയെങ്കിലും ദേശീയ റെക്കോഡ് തെന്നിമാറി.
കഴിഞ്ഞവർഷം ഫെഡറേഷൻ കപ്പിലാണ് ശ്രീശങ്കർ 8.26 മീറ്റർ ചാടി ദേശീയ റെക്കോഡിട്ടത്. ഒളിമ്പിക്സിൽ ശോഭിക്കാനായില്ല. ഇക്കുറി കാറ്റിന്റെ ആനുകൂല്യമില്ലാതെതന്നെ മികച്ച ദൂരം കണ്ടെത്താനായി. ഇരുവരും ലോക ചാമ്പ്യൻഷിപ്, കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് എന്നിവയ്ക്ക് യോഗ്യത നേടി.
മീറ്റിന്റെ രണ്ടാംദിവസം കേരളം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി. കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ 100 മീറ്ററിൽ സ്വർണമണിഞ്ഞ് തമിഴ്നാടിന്റെ ബി ശിവകുമാറും (10.36) രാജ്യാന്തര താരം ദ്യുതിചന്ദും (11.49) വേഗക്കാരായി. കേരളത്തിന്റെ എം വി ജിൽന (11.63) വനിതകളിൽ വെള്ളി നേടി. പി ഡി അഞ്ജലി അഞ്ചാമതായി. പുരുഷന്മാരിൽ കെ പി അശ്വിൻ എട്ടാമതാണ്. പുരുഷന്മാരുടെ 400 മീറ്ററിൽ നോഹ നിർമൽ ടോം (46.81), 1500 മീറ്ററിൽ ജിൻസൺ ജോൺസൺ (3: 43.48), ലോങ്ജമ്പിൽ മുഹമ്മദ് അനസ് യഹിയ (8.06 മീറ്റർ) എന്നിവർ വെങ്കലം നേടി.
വനിതകളുടെ 400 മീറ്ററിൽ സ്വർണം നേടിയ മഹാരാഷ്ട്രയുടെ ഐശ്വര്യ കൈല മിശ്ര (51.18) ലോക ചാമ്പ്യൻഷിപ്പിനും ഏഷ്യൻ ഗെയിംസിനും യോഗ്യത നേടി. പൂവമ്മ രാജുവാണ് രണ്ടാമത്. കേരളത്തിന്റെ ജിസ്ന മാത്യു അഞ്ചാമതായി. മൂന്നാംദിനമായ ഇന്ന് എട്ട് ഫൈനലുകൾ നടക്കും.