വലതുപക്ഷ സർക്കാരുകൾ വർഷങ്ങളായി നടത്തിയ അഴിമതിയുടെയും അവർ പിന്തുടർന്ന ചൂഷണ നയത്തിന്റെയും ഫലമാണ് ശ്രീലങ്കയുടെ ഇന്നത്തെ പ്രതിസന്ധി. അഴിമതിയിൽ ജയവർധനയെന്നോ പ്രേമദാസയെന്നോ ചന്ദ്രികയെന്നോ റനിൽ വിക്രമസിംഗെയെന്നോ വ്യത്യാസമില്ല. രജപക്സെമാരുടെ കുടുംബവാഴ്ചയിൽ സങ്കൽപ്പിക്കാനാകാത്ത അഴിമതിയുടെ കൂത്തരങ്ങായി ശ്രീലങ്ക. അഴിമതിമുക്തമായ ഒരിടവുമില്ല- ശ്രീലങ്കയിൽ ഇന്ന്.
ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാർടികളിൽ ഒന്നായ ജനത വിമുക്തി പെരുമനയുടെ പൊളിറ്റ് ബ്യൂറോ അംഗം ബിമൽ രത്നായകെ ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.
എല്ലാം നിയന്ത്രിച്ചത് ലോകബാങ്കും ഐഎംഎഫും
സ്വാതന്ത്ര്യം ലഭിച്ചതിനു പിന്നാലെ 1950ൽ തന്നെ ശ്രീലങ്ക മുതലാളിത്ത സാമ്പത്തിക നയത്തിലേക്ക് മാറി. ലോകബാങ്കും ഐഎംഎഫുമാണ് എല്ലാം നിയന്ത്രിച്ചത്. 1977 ആയതോടെ ഐഎംഎഫ് നിർദേശം സർക്കാരുകൾ അക്ഷരംപ്രതി പാലിച്ചു. ഇതോടെ സാമ്പത്തിക തകർച്ച ആരംഭിച്ചു. സേവന മേഖലയിൽനിന്ന് പിൻവാങ്ങി. രാജ്യത്തിന്റെ സ്വന്തമായിരുന്ന ഉരുക്ക്, സിമന്റ്, സെറാമിക്, ഗ്ലാസ് വ്യവസായശാലകളെല്ലാം വിറ്റു. ഉൽപ്പാദന മേഖല തകർന്നു. എല്ലാത്തിനും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വന്നു.
സമ്പദ്ഘടന തുറന്നിട്ടിട്ടും
നിക്ഷേപമുണ്ടായില്ല
നെൽക്കൃഷി കയറ്റുമതി നിരുത്സാഹപ്പെടുത്താനുള്ള നിർദേശം അംഗീകരിച്ചതോടെ രാസവള നിർമാണശാലകൾ പൂട്ടി. നെൽവിത്ത് ഒഴികെ എല്ലാ വിത്തും ഇറക്കുമതി ചെയ്യേണ്ടി വന്നു. ഒരു പ്രൊഫസർ കണ്ടുപിടിച്ച കൈകൊണ്ട് പ്രവർത്തിക്കാവുന്ന ട്രാക്ടർ നിർമിക്കാൻ പോലും സർക്കാർ ശ്രമിച്ചില്ല. ഇതിന്റെ പേറ്റന്റ് ലഭിച്ച ജാപ്പനീസ് കമ്പനി ഇത് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും കയറ്റുമതി ചെയ്തു. കൃഷിയെയും തദ്ദേശീയ വ്യവസായത്തെയും അവഗണിച്ചു വിദേശ നിക്ഷേപത്തിന്റെ പിന്നാലെ പാഞ്ഞു. വിദേശ നിക്ഷേപം വഴി പ്രതീക്ഷിച്ച തൊഴിലവസരം ലഭിച്ചില്ല. സമ്പദ്ഘടന തുറന്നിട്ടിട്ടും 1977 മുതൽ 2018വരെ നാൽപ്പത് വർഷത്തിൽ ലഭിച്ച വിദേശനിക്ഷേപം പതിനേഴ് ബില്യൺ ഡോളർ മാത്രം.
ചൈനയ്ക്ക് ഒരു പങ്കുമില്ല
ഇപ്പോഴത്തെ പ്രതിസന്ധിയിൽ ചൈനയ്ക്ക് ഒരു പങ്കുമില്ല. പൊതുകടം 38 ബില്യൺ ഡോളറാണ്. ഇതിൽ 42 ശതമാനവും അന്താരാഷ്ട്ര സോവറിൻ ബോണ്ടിൽനിന്നാണ്. അടുത്ത മുപ്പത് വർഷത്തിൽ അടച്ചുതീർക്കാനുള്ളതാണിത്. ഇത് കഴിഞ്ഞാൽ എഡിബി, അമേരിക്ക, യൂറോപ്യൻ യൂണിയൻ. ഇവയ്ക്ക് ശേഷമേ ചൈന വരൂ. ശ്രീലങ്കൻ പത്രപ്രവർത്തകരെ വിലയ്ക്കെടുത്ത സിഐഎയും അമേരിക്കൻ ഏജൻസികളുമാണ് ചൈനാവിരുദ്ധ പ്രചാരണത്തിന് പിന്നിൽ.