തിരുവനന്തപുരം
മദ്യശാലകളുടെ എണ്ണം കുറച്ച് മദ്യവർജനം സാധ്യമല്ലെന്ന് കണക്കുകൾ. മദ്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ആപൽക്കരമായ ലഹരി തേടി പോകുന്നവരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുന്നതായി എക്സൈസ് വകുപ്പിന്റെ ലഹരിക്കേസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനം അടച്ചിട്ടപ്പോൾ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർധിച്ചു. മയക്കുമരുന്നു കേസുകളുടെ (എൻഡിപിഎസ്) എണ്ണം കുറയുന്നുണ്ടെങ്കിലും പിടിച്ചെടുക്കുന്ന മയക്കുമരുന്നിന്റെ അളവിൽ വലിയ വർധനയുണ്ട്.
2017ൽ ആകെ 8534 ലിറ്റർ സ്പിരിറ്റും 4093 ലിറ്റർ വ്യാജമദ്യവുമാണ് പിടികൂടിയതെങ്കിൽ കോവിഡ് കാലത്ത് മദ്യശാലകൾ അടഞ്ഞുകിടന്നപ്പോൾ പിടികൂടിയത് 23182 ലിറ്റർ സ്പിരിറ്റും 7219 ലിറ്റർ വ്യാജമദ്യവുമാണ്. 2017ൽ 1332 കിലോഗ്രാം കഞ്ചാവും 1983 ഗ്രാം ഹാഷിഷും 107ഗ്രാം എംഡിഎംഎയുമായിരുന്നെങ്കിൽ 2021ൽ പിടികൂടിയയത് 5632 കിലോ കഞ്ചാവും 16062 ഗ്രാം ഹാഷിഷും 6130 ഗ്രാം എംഡിഎംഎയുമാണ്. നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വർധിച്ചതായി പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ അളവും കേസുകളുടെ (കോട്പ ) എണ്ണവും സൂചിപ്പിക്കുന്നു.