കണ്ണൂർ
ഇന്നലെകളുടെ അനുഭവപാഠങ്ങൾ ഉൾക്കൊണ്ട് നവകേരളം പടുത്തുയർത്താനുള്ള ആശയസംവാദവേദിയായി സിപിഐ എം പാർടി കോൺഗ്രസിനോട് അനുബന്ധിച്ച സെമിനാർ. പൊരുതിമുന്നേറാൻ നവോത്ഥാനകാലത്തിന്റെ മൂല്യങ്ങളിൽനിന്നും ഇടതുപക്ഷ സർക്കാരുകളുടെ ഭരണാനുഭവങ്ങളിൽനിന്നും ഊർജം നിറയ്ക്കണമെന്ന് പിണറായിയിൽ നടന്ന സെമിനാർ നിർദേശിച്ചു.
‘നവകേരളവും ഇടതുപക്ഷ സർക്കാരുകളും’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നാളിതുവരെയുള്ള സാമൂഹ്യവികാസത്തിലും വികസനമുന്നേറ്റത്തിലും ഇടതുപക്ഷത്തിന്റെ അനിഷേധ്യമായ സംഭാവനകൾ അക്കമിട്ട് നിരത്തിയാണ് കോടിയേരി സംസാരിച്ചത്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച നാട് ഇന്ന് ലോകം ചർച്ച ചെയ്യുന്ന വികസനമാതൃകയായി മാറിയത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും അവ നേതൃത്വം നൽകിയ സർക്കാരുകളുടെയും പ്രവർത്തനഫലമായാണെന്ന് കോടിയേരി പറഞ്ഞു.
ഒന്നാം പിണറായി സർക്കാർ പ്രകടനപത്രിക വാഗ്ദാനം ചെയ്ത അറുന്നൂറോളം വാഗ്ദാനങ്ങളിൽ 20 എണ്ണം ഒഴികെ എല്ലാം പ്രാവർത്തികമാക്കി. എന്നാൽ, അഞ്ചുകൊല്ലം ചെയ്ത വികസനങ്ങൾമാത്രം എല്ലാക്കാലത്തും പറഞ്ഞുകൊണ്ടിരുന്നാൽ മതിയാകില്ല. ജനങ്ങളുടെ പുതിയ ആവശ്യങ്ങൾ നിറവേറ്റാനുള്ള മാർഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും കോടിയേരി നിർദേശിച്ചു.
കേരളവികസനത്തിന് അടിത്തറ പാകിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് സെമിനാറിൽ സംസാരിച്ച സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ ചുവടുവയ്പായിരുന്നു 1957ലെ ഇ എം എസ് സർക്കാരിന്റേത്. അന്ന് തുടങ്ങിവച്ച പാതയിലൂടെതന്നെയാണ് പുതിയ കാലത്തിന് അനുസൃതമായി കേരളത്തെ മുന്നോട്ട് നയിക്കേണ്ടത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വികസനകാര്യത്തിൽ കേരളത്തേക്കാൾ 20 വർഷം പിന്നിലാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
വികസനം സാധ്യമാക്കുമ്പോഴും പാവപ്പെട്ടവന്റെ കാര്യം വിസ്മരിക്കരുത് എന്ന നിലപാടിൽ ഊന്നിയാണ് ഇടതുപക്ഷം പ്രവർത്തിക്കുന്നതെന്ന വികാരമാണ് സെമിനാർ പങ്കുവച്ചത്. ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎൽഎ, കെ ശാന്തകുമാരി എംഎൽഎ, എ എൻ ഷംസീർ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. പി ബാലൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ ശശിധരൻ സ്വാഗതം പറഞ്ഞു..