കൊച്ചി
ബിപിസിഎൽ വിൽപ്പനയുടെ ഭാഗമായി പാതിവഴിയിൽ ഉപേക്ഷിച്ച ബിപിസിഎല്ലിന്റെ പോളിയോൾസ് പദ്ധതിക്കായി 425.9 കോടി രൂപ ചെലവഴിച്ചതായി പെട്രോളിയം മന്ത്രിയുടെ വെളിപ്പെടുത്തൽ. അമ്പലമുകളിൽ തുടങ്ങാനിരുന്ന പദ്ധതിക്ക് അടിസ്ഥാനസൗകര്യമൊരുക്കൽ, ഡിപിആർ തയ്യാറാക്കൽ, കൺസൾട്ടൻസി ഫീസ് എന്നീ ഇനങ്ങളിലാണ് പണം പാഴാക്കിയത്. വിൽപ്പന നടപടികൾ പുരോഗമിക്കവെ ജനുവരി 31ന് ചേർന്ന ബിപിസിഎൽ ഡയറക്ടർ ബോർഡ് യോഗമാണ് 11,130 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ചത്. ലോക്സഭയിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് പെട്രോളിയം മന്ത്രി രാമേശ്വർ തേലി കണക്കുകൾ വെളിപ്പെടുത്തിയത്.
2018 സെപ്തംബറിലാണ് പോളിയോൾസ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള പദ്ധതി തുടങ്ങാൻ തീരുമാനിച്ചത്. 2019 ജനുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തറക്കല്ലിട്ടു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും മറ്റു സങ്കേതിക അനുമതികളും ലഭിച്ച പദ്ധതിക്കായി ഫാക്ട് കൊച്ചിൻ ഡിവിഷന്റെ 170 ഏക്കറും ഏറ്റെടുത്തു. ഇവിടത്തെ നൂറുകണക്കിന് മരങ്ങൾ വെട്ടിക്കളഞ്ഞ് ഭൂമിയൊരുക്കി. പദ്ധതിക്ക് ലൈസൻസറെ കണ്ടെത്താൻ പ്രോജക്റ്റ് മാനേജ്മെന്റ് ഏജൻസിയെയും നിയോഗിച്ചു. ഈവർഷം പോളിയോൾസ് ഉൽപ്പാദനം തുടങ്ങാനാണ് ലക്ഷ്യമിട്ടത്. എന്നാൽ, 2019 നവംമ്പർ 20ന് കേന്ദ്രസർക്കാർ ബിപിസിഎൽ വിൽപ്പന പ്രഖ്യാപിച്ചതോടെ പദ്ധതി പ്രവർത്തനമാകെ നിർത്തി.
നിർമാണസാമഗ്രികളുടെ വിലവർധന പദ്ധതി ചെലവ് പ്രതീക്ഷിച്ചതിലേറെ കൂടാൻ കാരണമായെന്നും അതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്നുമാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിലും പറയുന്നത്. 2019–-20ൽ 2,39,755 ടണ്ണും 2020–-21ൽ 1,69,491 ടണ്ണും പോളിയോൾസ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തു. പോളിയോൾസ് ഉൽപ്പാദനം വർധിപ്പിക്കാൻ അസംസ്കൃതവസ്തുവായ പ്രൊപ്പിലിൻ ഓക്സൈഡിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽനിന്ന് 5.5 ശതമാനമായി കുറച്ചതായും കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറഞ്ഞു.
കൊച്ചി റിഫൈനറി വിപുലീകരണത്തിന്റെ ഭാഗമായി ലഭ്യമായ അഞ്ച് ലക്ഷം ടൺ പ്രൊപ്പിലിനിൽ 2.5 ലക്ഷം ടൺ പ്രൊപ്പിലിൻ ഉപയോഗപ്പെടുത്തിയാണ് പോളിയോൾസ് പദ്ധതി ആവിഷ്കരിച്ചത്. ഇത് ഉപേക്ഷിച്ചപ്പോൾ പോളി പ്രൊപ്പിലിൻ പ്ലാന്റിനുള്ള സാധ്യത വിലയിരുത്താൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു. റിലയൻസാണ് രാജ്യത്തെ പോളി പ്രൊപ്പിലിൻ വിപണി നിയന്ത്രിക്കുന്നത്. വർഷംതോറും നാലു ലക്ഷം ടൺ പോളിയോൾസ് ഉൽപ്പന്നങ്ങളാണ് രാജ്യത്ത് ആവശ്യമുള്ളത്. 15,000 ടൺ മാത്രമാണ് ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നത്.