തിരൂർ
കള്ളപ്രചാരണത്തിലൂടെ നാടിന്റെ വികസനത്തിന് തടസംനിൽക്കുന്ന കെ റെയിൽവിരുദ്ധ സഖ്യത്തിന് തിരിച്ചടി നൽകി കൂടുതൽ കുടുംബങ്ങൾ രംഗത്ത്.
തൃക്കണ്ടിയൂർ വില്ലേജിൽ തെക്കുമുറി അംബ്ലിയാംകുന്ന് തോട്ടുങ്ങൽ അവറാൻകുട്ടിയുടെ പറമ്പിൽനിന്ന് യുഡിഎഫ് സംഘം പിഴുതെറിഞ്ഞ കെ റെയിൽ സർവേ കല്ല് ഞായറാഴ്ച സിപിഐ എം പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ കുടുംബം പുനഃസ്ഥാപിച്ചു.
സിപിഐ എം തിരൂർ ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടിയുടെ നേതൃത്വത്തിൽ അവറാൻകുട്ടിയുടെ ബന്ധു അക്ബറും നാട്ടുകാരും ചേർന്നാണ് അടയാളക്കുറ്റി പുനഃസ്ഥാപിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് കെ റെയിൽ അധികൃതർ ഇവിടെ സർവേ കല്ല് സ്ഥാപിച്ചത്. ഇത് യുഡിഎഫ്-–-ബിജെപി-–-ജമാഅത്ത് ഇസ്ലാമി പ്രവർത്തകർ ഉടമയുടെ അനുമതിയില്ലാതെ പിഴുതുകളയുകയായിരുന്നു. കഴിഞ്ഞയാഴ്ച താനൂർ താനാളൂരിലും ഭൂവുടമ തന്റെ ഭൂമിയിൽനിന്ന് യുഡിഎഫ് സംഘം പിഴുതുമാറ്റിയ കുറ്റി പുനഃസ്ഥാപിച്ചിരുന്നു.