വട്ടിയൂർക്കാവ്> വിദേശത്ത് ജോലി വാഗ്ദാനം നൽകി യുവാക്കളിൽനിന്ന് അരക്കോടിയിലേറെ രൂപ തട്ടിച്ച ബിഡിജെഎസ് ഡെമോക്രാറ്റിക് വട്ടിയൂർക്കാവ് നിയോജകമണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ. പേരൂർക്കട ഹാർവിപുരം കോളനി രണ്ടാം സ്ട്രീറ്റിൽ ഗുരുകുലം നഗറിൽ കല്ലുവിളാകത്ത് വീട്ടിൽ ആർ ബൈജു (44)വാണ് പിടിയിലായത്. മരുതംകുഴിക്ക് സമീപം ബൈജൂസ് സൊലൂഷൻസ് എന്ന വിദേശ റിക്രൂട്ടിങ് സ്ഥാപനം നടത്തി വരികയായിരുന്നു.
ക്യാനഡയിൽ ജോലി വാഗ്ദാനം നൽകി പതിനേഴോളം പേരിൽനിന്നായി അൻപതുലക്ഷത്തിലേറെ രൂപ കൈക്കലാക്കിയെന്നാണ് പരാതി. ആറുപേരെ ക്യാനഡയിലേക്കുള്ള വിസയും എയർ ടിക്കറ്റും നൽകാമെന്ന് വിശ്വസിപ്പിച്ച് ചണ്ഡീഗഢിലെ ട്രാവൽ ഏജൻസിയിലേക്ക് കൊണ്ടുപോയി. തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ യുവാക്കൾ പൊലീസുമായി ബന്ധപ്പെട്ടു.
ഇതിനിടെ മുങ്ങാൻ ശ്രമിച്ച ബൈജുവിനെ യുവാക്കൾ തടഞ്ഞുവച്ച് ഞായറാഴ്ച ഉച്ചയോടെ ട്രെയിൻ മാർഗം തിരുവനന്തപുരത്ത് എത്തിച്ച് സിറ്റി പൊലീസ് കമീഷണർ ഓഫീസിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇയാൾ പിടിയിലായതറിഞ്ഞ് കബളിപ്പിക്കപ്പെട്ട കൂടുതൽ പേർ വട്ടിയൂർക്കാവ് സ്റ്റേഷനിലെത്തി. കണ്ണൂർ എയർപോർട്ട്, സെക്രട്ടറിയറ്റ്, സംസ്ഥാനത്തെ ചില പ്രശസ്തമായ സർക്കാർ ഓഫീസുകളിലും ജോലി വാഗ്ദാനം ചെയ്തും ഇയാൾ നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.