തിരുവനന്തപുരം > സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരം – കാസര്‍ഗോഡ് അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്തിമ അലൈന്മെന്റില് മാറ്റം വരുത്തിയിട്ടില്ലെന്ന് കെ റെയിൽ ലിമിറ്റഡ്. ദ മെട്രോ റെയില്‍ ഗയ് ഡോട്ട് കോം (https://themetrorailguy.com/) എന്ന വെബ്സൈറ്റില്‍, സില്‍വര്‍ ലൈന്‍ സ്റ്റേഷനുകളെ നേര് രേഖയില്‍ ബന്ധിപ്പിച്ചു കൊണ്ട് വരച്ച മാപ്പാണ് സില്‍വര്‍ലൈനിന്റെ ആദ്യ അലൈന്മെന്റ് എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നത്. പ്രസ്തുത മാപ്പ് വസ്തുതാവിരുദ്ധവും കെ – റെയിലിന് ഉത്തരവാദിത്തമില്ലാത്തതുമാണെന്നും കെ റെയിൽ വ്യക്തമാക്കി.
ഈ മാപ്പ് വെറും സൂചകമാണെന്നും സ്റ്റേഷനുകളെ കാണിക്കുന്നതിനുള്ള ഏകദേശ അലൈന്‍മെന്റാണെന്നും ദ മെട്രോ റെയില്‍ ഗയ് ഡോട്ട് കോമില് (https://themetrorailguy.com/) വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക അലൈന്മെന്റ് ലഭ്യമാകുന്ന മുറയ്ക്ക് സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. ഈ മാപ്പുമായി താരമ്യം ചെയ്താണ് അലൈന്മെന്റില് മാറ്റം വരുത്തിയതായി ആരോപണമുന്നയിക്കുന്നത്. ഈ മാപ്പ് ഇപ്പോഴും പ്രസ്തുത വെബ്സൈറ്റില്‍ ലഭ്യമാണ്.
2020 ന്റെ തുടക്കത്തില്‍ സില്‍വര്‍ലൈനിന്റെ വ്യാജ അലൈന്മെന്റ് സോഷ്യല്‍ മീഡിയയില്‍ വ്യപാകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ വഞ്ചിതരാകരുതെന്ന് 2020 മാര്‍ച്ച് നാലിന് കെ – റെയില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അഭ്യര്‍ഥിച്ചിരുന്നതുമാണ്. വിശദമായ സര്‍വേക്കു ശേഷമാണ് സില്‍വര്‍ലൈനിന്റെ അലൈന്മെന്റ് തീരുമാനിച്ചത്. 2020 ജൂണ്‍ ഒമ്പതിന് സിസ്ട്ര ഈ അലൈന്മെന്റ് അടങ്ങുന്ന ഡിപിആര്‍ സമര്‍പ്പിക്കുകയും സംസ്ഥാന മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തതാണ്. ഇപ്പോള്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുള്ള ഈ അലൈന്മെന്റ് പ്ലാനാണ് കെ – റെയിലിന്റെ വെബ്സൈറ്റിലുള്ളത്.