ഫത്തോർദ
ഷൂട്ടൗട്ട് നിർഭാഗ്യത്തിൽ ഒരിക്കൽക്കൂടി കണ്ണീരണിഞ്ഞെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് അഭിമാനിക്കാം. ഇവാൻ വുകോമനോവിച്ച് പരിശീലിപ്പിച്ച സംഘം മികച്ച പ്രകടനത്തോടെയാണ് ഫൈനൽവരെ എത്തിയത്. ഹൈദരാബാദിനെതിരെ നിർണായകഘട്ടത്തിൽ സമ്മർദം ബ്ലാസ്റ്റേഴ്സിനെ തളർത്തി.
ഷൂട്ടൗട്ടിൽ ഹൈദരാബാദ് ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയുടെ മികവിനൊപ്പം ബ്ലാസ്റ്റേഴ്സ് കളിക്കാരുടെ തളർന്ന ശരീരഭാഷയും തിരിച്ചടിയായി. നിഷുകുമാറിന് രണ്ടുതവണ അവസരം കിട്ടിയിട്ടും വല കാണാനായില്ല. ഷൂട്ടൗട്ടിൽ അൽവാരോ വാസ്കസിന്റെയും ജോർഡ് ഡയസിന്റെയും അഭാവം തിരിച്ചടിയായി.
ഷൂട്ടൗട്ടിനുവേണ്ട ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. പരിശീലനവേളയിൽ കൂടുതൽതവണ കിക്ക് ലക്ഷ്യത്തിലെത്തിച്ച പ്രതിരോധക്കാരൻ മാർകോ ലെസ്കോവിച്ചിനെയാണ് ഫൈനലിൽ വുകോമനോവിച്ച് ആദ്യം ഇറക്കിയത്. എന്നാൽ, സമ്മർദമോ തളർച്ചയോ ലെസ്കോവിച്ചിന് ഷോട്ടിൽ കരുത്ത് നിറയ്ക്കാനായില്ല. കട്ടിമണി തികഞ്ഞ ആത്മവിശ്വാസത്തോടെ വലയ്ക്കുമുന്നിൽ നിന്നപ്പോൾ ജീക്സൺ സിങ്ങിനും നിഷുവിനും പതർച്ച വന്നു. ആയുഷ് അധികാരിമാത്രം അതിജീവിച്ചു. അഞ്ചാംകിക്ക് അഡ്രിയാൻ ലൂണയ്ക്കാണ് നിശ്ചയിച്ചിരുന്നത്. അത് വേണ്ടിവന്നില്ല.
ഗോവയിലെ ചൂടിൽ കളിക്കാർ തളർന്നിരുന്നുവെന്ന് വുകോ പറഞ്ഞു. 120 മിനിറ്റും കളിക്കാൻ പ്രയാസപ്പെട്ടു. ഡയസിനെയും വാസ്കസിനെയും പിൻവലിച്ചത് പരിക്ക് കാരണമാണെന്നും കോച്ച് വ്യക്തമാക്കി. എങ്കിലും ഷൂട്ടൗട്ടിനെ അതിജീവിക്കാനുള്ള തന്ത്രത്തിൽ വുകോ ഹൈദരാബാദ് പരിശീലകൻ മനോലോ മാർകേസിനുപിന്നിലായി എന്നതാണ് യാഥാർഥ്യം.
നിശ്ചിതസമയത്തിന്റെ അവസാനനിമിഷം ഗോൾ വഴങ്ങിയതിന്റെ ആഘാതം വിട്ടുപോയില്ല. ആ നിമിഷംമുതൽ ബ്ലാസ്റ്റേഴ്സ് പിന്നിൽ പോയി. സഹൽ അബ്ദുൾ സമദിന്റെ അഭാവവും നിർണായകഘട്ടത്തിൽ തിരിച്ചടിയായി.
തോൽവിയിലെ നിരാശ മറന്നാൽ ഈ സീസൺ ബ്ലാസ്റ്റേഴ്സിന് മികച്ചതായിരുന്നു. 37 ഗോളുകൾ നേടി. വഴങ്ങിയത് 26 എണ്ണവും. പ്രഭ്സുഖൻ ഗിൽ മികച്ച ഗോൾകീപ്പറായി. ലൂണ‐വാസ്കസ്‐ഡയസ്‐ലെസ്കോവിച്ച് എന്നീ വിദേശതാരങ്ങൾ വലിയ സ്വാധീനമുണ്ടാക്കി. വുകോയ്ക്കുകീഴിൽ കളി രീതിതന്നെ മാറി.
സഹലും ഹർമൻജോത് ഖബ്രയും ജീക്സണും തെളിഞ്ഞു. പുയ്ട്ടിയയും ഹോർമിപാമും ആയുഷുമെല്ലാം ഭാവിയിലേക്കുള്ള നക്ഷത്രങ്ങളായി. ഈ ടീമിനെ നിലനിർത്തുകയാണ് പ്രധാനം. മുൻ സീസണുകളെപ്പോലെ ടീമിനെ പാടെ മാറ്റി പുതിയ സംഘത്തെ കൊണ്ടുവന്നാൽ തിരിച്ചടിയാകും ഫലം.