മനാമ
സൗദിക്കുനേരെ ഞായറാഴ്ച യമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണ വില വീണ്ടും ഉയർന്നു. തിങ്കളാഴ്ച അസംസ്കൃത എണ്ണ വില ബാരലിന് 112 ഡോളറിന് മുകളിലായി. ആഗോള വിപണികളിലേക്കുള്ള എണ്ണവിതരണത്തിലെ കുറവിന്റെ ഉത്തരവാദിത്വം തങ്ങൾക്കില്ലെന്ന് സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്ചയുണ്ടായ ആക്രമണം എണ്ണ ഉൽപ്പാദനത്തെ ബാധിച്ചതിന് പിന്നാലെയാണ് സൗദി പ്രസ്താവന. ആവർത്തിച്ച ആക്രമണങ്ങൾ രാജ്യത്തിന്റെ ഉൽപ്പാദനശേഷിയെയും ബാധ്യതകൾ നിറവേറ്റാനുള്ള കഴിവിനെയും ബാധിക്കും. ആഗോള വിപണികളിലേക്കുള്ള ഊർജ വിതരണത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഹൂതി ആക്രമണം ഭീഷണിയുയർത്തി. ഹൂതികൾക്കെതിരെ നിലകൊണ്ട് ഊർജ വിതരണം നിലനിർത്താനുള്ള ഉത്തരവാദിത്വം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം– വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. റഷ്യ-–- ഉക്രയ്ൻ യുദ്ധത്തെതുടർന്ന് എണ്ണ വില ഉയർന്നിരുന്നു.