തിരുവനന്തപുരം
യൂറോപ്യൻ യൂണിയന്റെ ഏകീകൃത വ്യവസ്ഥയും നിയന്ത്രണങ്ങളും ജനതയ്ക്കുമേൽ നടത്തുന്ന അടിച്ചേൽപ്പിക്കലുകളുടെ കാഴ്ചയാണ് മാൾട്ടീസ് ചിത്രം ലസ്സു. തദ്ദേശീയ സംസ്കാരങ്ങളെ മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ കച്ചവട താൽപ്പര്യങ്ങൾ വിഴുങ്ങുമ്പോൾ താറുമാറാകുന്ന തൊഴിലാളി ജീവിതമാണ് മാൾട്ടീസ് –- അമേരിക്കൻ ചലച്ചിത്ര പ്രവർത്തകൻ അലക്സ് കാമിലേരി പറയുന്നത്. യൂറോപ്പിന്റെ രാഷ്ട്രീയ ഭൂമികയിൽ ചലനങ്ങൾ സൃഷ്ടിച്ച ബ്രക്സിറ്റാനന്തര കാലമാണ് ലസ്സുവിന്റെ പശ്ചാത്തലം.
ലസ്സു എന്നാൽ മാൾട്ടയിലെ ചെറിയ മീൻപിടിത്ത ബോട്ടാണ്. നീലയും മഞ്ഞയും ചുവപ്പും നിറങ്ങൾ പൂശി മീൻകണ്ണുകൾ ആലേഖനം ചെയ്ത ചെറിയ ബോട്ട് നായകനായ ജെസ്മാർക്കിന് (ജെസ്മാർക് സ്കുലിന) തലമുറകളായി കൈമാറി കിട്ടിയതാണ്. കാമുകിയായ ഡെനിസിൽ (മൈക്കെല ഫറുഗിയ) അയാൾക്കുള്ള കുഞ്ഞിന് കൃത്യമായി ചികിത്സ നൽകാൻ പോലും അയാളുടെ വരുമാനം കൊണ്ട് സാധിക്കുന്നില്ല. സ്വകാര്യവൽക്കരിക്കപ്പെട്ട ആരോഗ്യ സംവിധാനമാകട്ടെ വളരെയേറെ ചെലവേറിയതും.
ഏത് മീൻ പിടിക്കണമെന്നതു പോലും ഭരണകൂടം തീരുമാനിക്കും. സർക്കാരിന്റെ നിയന്ത്രണങ്ങളാൽ തൊഴിൽ പോയ ജെസ്മാർക്ക് കുഞ്ഞിന്റെ ചികിത്സയ്ക്കായി ബോട്ട് വിറ്റ് മത്സ്യബന്ധന കരിഞ്ചന്തയുടെ ഭാഗമാകുന്നു.
ഏതു മീൻ പിടിക്കണം എന്ന് തീരുമാനിക്കുന്നത് യൂറോപ്യൻ യൂണിയനാണ്. അതേസമയം, കരിഞ്ചന്തയിൽ സുലഭമായ വിലക്കപ്പെട്ട മീൻ കേന്ദ്രീകരിച്ച് സർക്കാർ പിന്തുണയിൽ ഒരു റാക്കറ്റും പ്രവർത്തിക്കുന്നുണ്ട്. ലാഭം മാത്രം ലക്ഷ്യമിടുന്നവർക്ക് മത്സ്യ സമ്പത്ത് നശിക്കുന്നതിൽ ഒരു ആശങ്കയുമില്ല. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ലാഭക്കൊതിയുടെ പ്രതിനിധിയായി സംഘത്തെ അവതരിപ്പിക്കുകയാണ് സിനിമ.
തലമുറകൾ കൈമാറി കിട്ടിയ ബോട്ടും പാരമ്പര്യവും അയാൾക്ക് കുഞ്ഞിന് പറഞ്ഞുകൊടുക്കാനുള്ള കഥ മാത്രമായിത്തീരുന്നു. വ്യവസ്ഥിതിയോട് സമരം ചെയ്യാൻപോലും ആകാതെ അയാൾ കീഴടങ്ങുകയാണ്. സംഘടിതരല്ലെങ്കിൽ എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ പോലും ആകുന്നില്ല തൊഴിലാളി വർഗത്തിന്. അതിനാൽത്തന്നെ തൊഴിലാളിവർഗ ഐക്യത്തിന്റെ ആവശ്യകതയിലേക്ക് ചിന്തയെറിഞ്ഞാണ് ലസ്സു അവസാനിക്കുന്നത്.