ന്യൂഡൽഹി
ലൈംഗികാതിക്രമത്തിന് ഇരകളാകുന്ന പ്രായപൂർത്തിയാകാത്തവരുടെ വിവരങ്ങൾ പുറത്തുവിടുന്നവർക്കെതിരെ അന്വേഷണം തുടങ്ങാൻ മജിസ്ട്രേട്ടിന്റെ അനുമതി ആവശ്യമുണ്ടോയെന്ന വിഷയത്തിൽ ഭിന്നവിധിയുമായി സുപ്രീംകോടതി രണ്ടംഗ ബെഞ്ച്.
പ്രായപൂർത്തിയാകാത്ത ഇരകളുടെ വിവരങ്ങൾ പുറത്തുവിടുന്നത് കുറ്റകരമാക്കുന്ന പോക്സോ നിയമത്തിലെ 23–-ാം വകുപ്പ് ചുമത്തിയ കേസുകളിൽ അന്വേഷണം തുടങ്ങണമെങ്കിൽ സിആർപിസി 155 (2) വകുപ്പനുസരിച്ച് മജിസ്ട്രേട്ടിന്റെ അനുമതി വേണ്ടെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി ഉത്തരവിട്ടു. എന്നാൽ, മജിസ്ട്രേട്ടിന്റെ അനുമതി ആവശ്യമാണെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി ഉത്തരവിട്ടു. രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ കേസ് അനുയോജ്യമായ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ ചീഫ് ജസ്റ്റിസിന് കൈമാറി.