തിരുവനന്തപുരം
എംഎൽഎമാർക്ക് അനുവദിച്ചിരുന്ന ആസ്തിവികസന ഫണ്ട് വർഷം അഞ്ചുകോടി രൂപയായി പുനഃസ്ഥാപിച്ചു. കോവിഡ് സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ തവണ ആസ്തിവികസന ഫണ്ടിൽ വിഹിതം കുറച്ചിരുന്നു. ഇങ്ങനെ മാറ്റിവച്ച തുക അതത് മണ്ഡലത്തിലെ ആരോഗ്യകേന്ദ്രങ്ങളുടെ ശാക്തീകരണത്തിനുതന്നെ വിനിേയോഗിക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ബജറ്റ് ചർച്ചയുടെ മറുപടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കേന്ദ്ര സർക്കാർ ഇത്തരത്തിൽ എംപിമാരുടെ ഫണ്ട് വെട്ടിക്കുറച്ചത് പുനഃസ്ഥാപിച്ചിട്ടില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
കാർഷിക മേഖലയ്ക്ക് വകയിരുത്തൽ കുറഞ്ഞെന്ന പ്രതിപക്ഷ ആക്ഷേപം ശരിയല്ലെന്ന് ധനമന്ത്രി പറഞ്ഞു. 84 കോടി രൂപ അധിക വകയിരുത്തലുണ്ട്. കിഫ്ബി വഴി വേറെയും വലിയതോതിൽ നീക്കിയിരിപ്പുണ്ട്. പ്രവാസി ക്ഷേമ പദ്ധതികൾക്ക് 147.5 കോടി രൂപയുണ്ട്. കശുവണ്ടി വ്യവസായത്തിൽ യഥാർഥ തൊഴിലാളിക്ക് തൊഴിൽ ഉറപ്പാക്കി പുനരുജ്ജീവന പാക്കേജ് നടപ്പാക്കും. 1000 കോടി രൂപയുടെ വായ്പാസഹായം കുറഞ്ഞ പലിശയിൽ ഉറപ്പാക്കും. പലിശ സബ്സിഡിക്കായി 30 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. ആവശ്യമെങ്കിൽ കൂടുതൽ തുക ലഭ്യമാക്കും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 567.44 കോടിയുണ്ട്. സാമൂഹ്യക്ഷേമ പദ്ധതിയിൽ 3,74,517 പേർക്കുകൂടി ഈ സർക്കാർ പുതുതായി പെൻഷൻ അനുവദിച്ചു. മസ്റ്ററിങ് പൂർത്തിയാക്കാത്ത 28,413 പേർക്കും പെൻഷൻ നൽകുന്നു. അനർഹമായി കൈപ്പറ്റിയ 154.6 കോടി രൂപ തിരികെപ്പിടിച്ചു. അനർഹരെ ഒഴിവാക്കുന്ന നടപടി തുടരും. 100 രൂപ പെൻഷൻ ഉയർത്താൻ പ്രതിവർഷം ഏകദേശം 1000 കോടി രൂപ അധികം വേണം. സാമ്പത്തിക ഞെരുക്കം മാറുന്നതിന് അനുസരിച്ച് പെൻഷൻ വർധിപ്പിക്കും. കിഫ്ബിയിൽ 17,000 കോടി ചെലവിട്ടു. ഈ വർഷം 4000 കോടിയുടെ പ്രവൃത്തി പൂർത്തിയാക്കും. അടുത്ത രണ്ടുവർഷം ചെലവ് ഗണ്യമായി വർധിക്കുമെന്നും മന്ത്രി പറഞ്ഞു.
ശിവഗിരിക്ക് 5 കോടി
ശിവഗിരി കൺവൻഷൻ സെന്റർ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ അഞ്ചുകോടി രൂപ വകയിരുത്തി. മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിക്ക് 25 ലക്ഷം രൂപകൂടി അധികം നീക്കിവച്ചു. മലയാളം സർവകലാശാല വള്ളത്തോൾ ചെയറിന് 10 ലക്ഷം അനുവദിച്ചു. കതിരൂർ കളരി അക്കാദമിക്കും തെയ്യം കലാ അക്കാദമിക്കും സർക്കാർ സഹായം നൽകും. കൊടകരയിലെ പെൺ തൊഴിലിടത്തിന് ഒരു കോടി രൂപ സഹായമുണ്ട്. അരുവിക്കരയിൽ ആദിവാസികളെ ഉൾപ്പെടുത്തി വരുമാന ദായക വ്യവസായ യൂണിറ്റിനും ആലപ്പുഴയിലെ നിറം കാർഷിക പദ്ധതിക്കും ഒരു കോടി വീതം നൽകും. ചാലിയാറ്, ഭാരതപ്പുഴ, പെരിയാറ് ഉൾപ്പെടെ നദികളുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനും ജനകീയ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി സർക്കാർ സഹായം 10 കോടി രൂപ നീക്കിവച്ചു. കൃഷി പരിശോധനാ സർട്ടിഫിക്കേഷൻ സെന്ററുകൾക്ക് അഞ്ചുകോടി രൂപ. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് സഹായം നൽകാൻ നീക്കിവച്ച ഏഴുകോടി പത്തുകോടിയാക്കി ഉയർത്തി. ഭിന്നശേഷിക്കാർ, ഓട്ടിസം ബാധിച്ചവർ എന്നിവർക്ക് അസിസ്റ്റീവ് വില്ലേജ് പദ്ധതിക്ക് രണ്ടുകോടിയുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ അർബുദ ചികിത്സാ സൗകര്യമൊരുക്കും. ഗ്രാമീണ കളിക്കളങ്ങൾക്ക് അഞ്ചുകോടി രൂപ അധികം അനുവദിച്ചു. അഴീക്കോട് തുറമുഖത്തിന് അഞ്ചുകോടി രൂപ. എം എൻ ഭവന പദ്ധതിയിൽ ഒറ്റവീട് ഇരട്ട വീടാക്കുന്ന പദ്ധതിക്ക് അഞ്ചുകോടി വകയിരുത്തി. ഇറിഗേഷൻ, ഹൈഡൽ ടൂറിസത്തിന് രണ്ടരക്കോടി രൂപയുണ്ട്.
നാഷണൽ ഹൗസ് പാർക്കിന് രണ്ടുകോടിയും. കുട്ടനാട് പദ്ധതി അപ്പർ കുട്ടനാടിനുകൂടി പ്രയോജനപ്പെടുത്തും. തൃശൂർ റൗണ്ട് വികസനം അടക്കമുള്ള നഗര വികസന പദ്ധതികളും പരിഗണിക്കും. വിതരണം ചെയ്യുന്ന പട്ടയം ഡിജിറ്റൽ രേഖയായി സൂക്ഷിക്കുന്ന സമഗ്ര പദ്ധതിക്ക് ഈ വർഷം തുടക്കമിടും. കാർഷിക സബ്സിഡി നേരിട്ട് പണമായി നൽകുന്ന രീതി തുടരും. വ്യാപാരികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കും. കെഎഫ്സിവഴി നടപ്പാക്കുന്ന പദ്ധതിയിൽ മൂന്നു ശതമാനംവരെ പലിശ ഇളവു നൽകുന്നതും പരിഗണിക്കും.
പൊലീസ് സ്റ്റേഷനുകളിൽ സിസിടിവിക്ക് 10 കോടി
പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ 10 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. ഇതടക്കം 46.35 കോടി രൂപയുടെ പദ്ധതികൾകൂടി ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് ചർച്ചയുടെ മറുപടിയുടെ ഭാഗമായി പ്രഖ്യാപിച്ചു. പൊലീസിന്റെ ഫോറൻസിക് സയൻസ് സംവിധാനം ശക്തിപ്പെടുത്താനും ഡ്രോൺ സെന്റർ സ്ഥാപിക്കാനും രണ്ടുകോടി വകയിരുത്തി. പൊലീസ് ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിന് പ്രാരംഭ ചെലവായി നാലുകോടി രൂപ നൽകും. ടൈറ്റാനിയം കോംപ്ലക്സ് സ്ഥാപിക്കാൻ പഠനം അടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.
ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയ ഏറ്റെടുത്ത് ലോ ആൻഡ് ജസ്റ്റിസിൽ ഗവേഷണ പഠനകേന്ദ്രം സ്ഥാപിക്കും. ഒരു കോടി രൂപ പ്രാഥമിക ചെലവുകൾക്ക് നീക്കിവച്ചു. അക്കിത്തത്തിന്റെ സ്മാരകമായി പഠനകേന്ദ്രത്തിന് ഒരു കോടി രൂപയുണ്ട്. കൊച്ചി സർവകലാശാലയിൽ ആരംഭിച്ച ഡോ. എൻ ആർ മാധവമേനോൻ ചെയർ ഓൺ ലീഗൽ എഡ്യൂക്കേഷന് ഒരു കോടി വകയിരുത്തി. കേരള സർവകലാശാല ബോട്ടണി വകുപ്പിൽ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷന് 50 ലക്ഷം രൂപയുണ്ട്.