ദുബായ്> എത്യോപ്യയിലെ മാനുഷിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് 85 മില്യൺ യുഎസ് ഡോളറിന്റെ ( 652 കോടി ഇന്ത്യൻ രൂപ) ധനസഹായം പ്രഖ്യാപിച്ചു. ഫാമൈൻ റിലീഫ് ഫണ്ടുമായി ഏകോപിപ്പിച്ച്, വേൾഡ് ഫുഡ് പ്രോഗ്രാം (WFP), ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ICRC), യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (UNICEF), യുണൈറ്റഡ് നേഷൻസ്, അഭയാർത്ഥികൾക്കുള്ള ഹൈക്കമ്മീഷണർ (UNHCR) എന്നിവയുൾപ്പെടെ നിരവധി ഏജൻസികളിലൂടെയാണ് സംഭാവന കൈമാറുന്നത്.
എത്യോപ്യയുടെ സ്ഥിരതയ്ക്ക് യുഎഇ വലിയ പ്രാധാന്യം നൽകുന്നുവെന്നും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മേഖലയിൽ മാനുഷിക സാഹചര്യം തീവ്രമാക്കിയിട്ടുള്ളതിനാലാണ് ഈ അടിയന്തര സഹായമെന്നും ഷെയ്ഖ് ഷെക്ബൂത്ത് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. സൊമാലിയയിലെ വരൾച്ചയിൽ വലയുന്ന ആളുകളെ സഹായിക്കാൻ എയർ ബ്രിഡ്ജ് വിമാനങ്ങളും ദുരിതാശ്വാസ കപ്പലും ഉൾപ്പെടുന്ന എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആർസി) ഖലീഫ ഫൗണ്ടേഷൻ എന്നിവയുടെ പ്രവർത്തനത്തിലൂടെയാണ് യുഎഇയുടെ സംഭാവന നടപ്പിലാക്കുന്നത്.