ഓസ്ട്രേലിയയിൽ പടർന്നുകൊണ്ടിരിക്കുന്ന ജാപ്പനീസ് എന്‍കെഫലൈറ്റിസ് അഥവാ ജപ്പാന് ജ്വരത്തെ പ്രതിരോധിക്കുന്നതിനായി ഫെഡറൽ സർക്കാർ എഴുപത് മില്യൺ ഡോളർ വകയിരുത്തി.
പ്രതിരോധ ബോധവൽക്കരണത്തിനായി പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുമെന്നും, കൂടുതൽ പ്രതിരോധ വാക്സിൻ ലഭ്യമാക്കുമെന്നും ഫെഡറൽ സർക്കാർ അറിയിച്ചു.
ഓസ്ട്രേലിയയിൽ നിലവിൽ 15 പേർക്കാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിച്ച് രണ്ടു പേർ ഇതിനോടകം മരിക്കുകയും ചെയ്തിട്ടുണ്ട്.
NSW, ക്വീൻസ്ലാൻഡ്, സൗത്ത് ഓസ്ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് വൈറസ് പടരുന്നത് ആശങ്കാജനകമാണെന്ന് പറഞ്ഞ ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രഗ് ഹണ്ട്, സംസ്ഥാന സർക്കാരുകൾ ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്നും വ്യക്തമാക്കി.
കൊതുകിലൂടെ പകരുന്ന വൈറസിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് അടിയന്തരമായി 130,000 ഡോസ് വാക്സിൻ ലഭ്യമാക്കും. നിലവിൽ 15,000 ഡോസ് പ്രതിരോധ വാക്സിൻ രാജ്യത്ത് ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ജപ്പാൻ ജ്വരം ഓസ്ട്രേലിയയിൽ പുതിയതാണെങ്കിലും, അന്താരാഷ്ട്രതലത്തിൽ ഇത് പുതിയതല്ലെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ സോന്യ ബെന്നറ്റ് പറഞ്ഞു.
ലോകമെമ്പാടും പതിറ്റാണ്ടുകളായി, ജപ്പാൻ ജ്വരത്തിനെതിരെയുള്ള വാക്സിനുകൾ വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ കൂട്ടിച്ചേർത്തു.
കൊതുക് കടിയിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്, മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാൻ വൈറസിന് കഴിയില്ല ഡോ. ബെന്നറ്റ് വ്യക്തമാക്കി.
കൊതുക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് പുറമേ വൈറസിൻറെ വ്യാപനം മനസ്സിലാക്കുന്നതിനായി മൃഗങ്ങളിലടക്കം നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തും. വൈറസിൽ നിന്ന് രക്ഷ തേടുന്നതിനായി പ്രത്യേക ബോധവൽക്കരണ പദ്ധതി ആരംഭിക്കാനും ഫെഡറൽ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 5 മില്യൺ ഡോളർ ചിലവഴിക്കും.
സംസ്ഥാന-ടെറിട്ടറി പ്രദേശങ്ങളിലെ കൃഷി വകുപ്പുകളെ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി 10 മില്യൺ ഡോളർ നീക്കിവെക്കുമെന്നും ഫെഡറൽ സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ന്യൂ സൗത്ത് വെയില്‍സ്-വിക്ടോറിയ സംസ്ഥാന അതിര്‍ത്തിയിലെ ഒരു പന്നി വളര്‍ത്തല്‍ ഫാമിലായിരുന്നു ജപ്പാൻജ്വരം ആദ്യമായി സ്ഥിരീകരിച്ചത്. പനി, ഛര്‍ദി, കടുത്ത തലവേദന, കഴുത്ത് അനക്കാന്‍ പ്രയാസം, വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം തുടങ്ങിയവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍.
കടപ്പാട്: SBS മലയാളം