ആൻഫീൽഡ്
ഇന്റർ മിലാനോട് ഒരുഗോളിന് തോറ്റിട്ടും ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ. ഇരുപാദങ്ങളിലുമായി 2–-1ന്റെ ജയം. രണ്ടാംപാദത്തിൽ ആൻഫീൽഡിലെ സ്വന്തംതട്ടകത്തിൽ ഇന്റർ മുന്നേറ്റക്കാരൻ ലൗതാരോ മാർടിനെസിന്റെ ഗോളിലാണ് ലിവർപൂൾ തോൽവി രുചിച്ചത്. ഈ വർഷത്തെ ആദ്യ പരാജയം. ആൻഫീൽഡിൽ ഒരുവർഷത്തിനുശേഷം. ചാമ്പ്യൻസ് ലീഗിൽ ഏഴു മത്സരത്തിനുശേഷം. നാളുകളായി ആരുടെ മുന്നിലും കീഴടങ്ങാത്ത യുർഗൻ ക്ലോപും കുട്ടികളും ഒടുവിൽ ഇന്ററിനുമുമ്പിൽ തലകുനിച്ചു. പക്ഷേ, തോറ്റിട്ടും ആൻഫീൽഡ് ആഘോഷിച്ചു. അവസാന അഞ്ച് സീസണിൽ ഇത് നാലാംവട്ടമാണ് ലിവർപൂൾ ക്വാർട്ടറിലേക്ക് മുന്നേറുന്നത്.
അവസാന 43 കളിയിൽ 109 ഗോളടിച്ച ലിവർപൂളിന് ഇന്ററിനെതിരെ ലക്ഷ്യംതെറ്റി. ജോയൽ മാറ്റിപ്പും മുഹമ്മദ് സലായും തൊടുത്ത പന്തുകൾ വലകണ്ടില്ല. പകരക്കാരൻ ലൂയിസ് ഡയസിന്റെ ഷോട്ട് അർട്യൂറോ വിദാൽ തടഞ്ഞു. ഇടവേളയ്ക്കുശേഷമായിരുന്നു മാർടിനെസിന്റെ ഗോൾ. ബോക്സിനുമുമ്പിൽ ഇരുപതുവാരെനിന്നുള്ള വലംകാലടി ലിവർപൂൾ ഗോളി അലിസൺ ബെക്കർ പ്രതീക്ഷിച്ചിരുന്നില്ല. ഗോളിനുപിന്നാലെ ഇന്റർ പത്തുപേരായി ചുരുങ്ങി. രണ്ടാം മഞ്ഞകാർഡുമായി മുന്നേറ്റക്കാരൻ അലെക്സിസ് സാഞ്ചെസ് കളംവിട്ടത് തിരിച്ചടിയായി. ഈ ചുവപ്പ് കാർഡിനുപുറമെ ആറ് മഞ്ഞക്കാർഡും കളിയിൽ റഫറി വീശി. 18ന് ന്യോണിലാണ് ക്വാർട്ടർ എതിരാളികളെ തെരഞ്ഞെടുക്കുന്ന നറുക്കെടുപ്പ്.