തിരുവനന്തപുരം
സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്സാപ് സന്ദേശമയച്ച് കൊല്ലത്ത് അധ്യാപികയുടെ പണം കവർന്ന സംഭവത്തിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. ഡൽഹി ഉത്തംനഗറിൽ താമസിക്കുന്ന റൊമാനസ് ക്ലീബൂസി (28)നെ തിരുവനന്തപുരം സിറ്റി ക്രൈംപൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിജിപിയുടെ വ്യാജ വാട്സാപ് അക്കൗണ്ട് സൃഷ്ടിക്കാനുപയോഗിച്ച സിംകാർഡടക്കം പൊലീസ് കണ്ടെടുത്തു.
ഓൺലൈൻ ലോട്ടറിയുടെ പേരിൽ 14 ലക്ഷം രൂപയാണ് തട്ടിയത്. വ്യാജ വാട്സാപ്പിലൂടെ നികുതിത്തുക അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് അധ്യാപിക പണം നൽകിയത്.ഫോൺ രേഖകളും മൊബൈൽ ലൊക്കേഷനും വച്ച് പ്രതി ഡൽഹിയിലെ ഉത്തംനഗറിലാണെന്ന് കണ്ടെത്തി. സൈബർ പൊലീസ് സിഐ പി ബി വിനോദ്കുമാർ, എസ്ഐ കെ ബിജുലാൽ, എഎസ്ഐമാരായ എൻ സുനിൽകുമാർ, കെ ഷിബു, സിപിഒമാരായ വി യു വിജീഷ്, എസ് സോനുരാജ് എന്നിവരാണ് ഡൽഹിയിലെത്തിയത്. ഡൽഹി പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ഏഴ് മൊബൈൽ ഫോൺ, ലാപ്ടോപ്, പത്ത് സിംകാർഡ്, അഞ്ച് എടിഎം കാർഡ് എന്നിവയും കണ്ടെടുത്തു. വടക്കുകിഴക്കൻ സ്വദേശികളായ ചില യുവതികളുടെ സഹായം ഇവർക്ക് ലഭിക്കുന്നുണ്ട്. ബുധൻ രാവിലെ രാജധാനി ട്രെയിനിൽ പ്രതിയുമായി പൊലീസ് നാട്ടിലേക്ക് തിരിക്കും. തിരുവനന്തപുരത്ത് സിജെഎം കോടതിയിൽ ഇയാളെ ഹാജരാക്കും.