തിരുവനന്തപുരം
റബർ നിയമം ഭേദഗതി പിൻവലിക്കുക, സുഗന്ധവിളകൾക്ക് വിലസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച കർഷക മാർച്ച് സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും കോട്ടയത്ത് റബർ ബോർഡ് ഓഫീസിലേക്കുമാണ് മാർച്ച്. രാജ്ഭവൻ മാർച്ച് എഐകെഎസ് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും.
റബർ, ടീ, സ്പൈസസ് ബോർഡുകളുടെ ഘടനതന്നെ മാറ്റാനാണ് കേന്ദ്ര സർക്കാർ കരട് ബില്ലുകളിലൂടെ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്യുന്നവരെ ഉൾപ്പെടുത്തി പുതിയ ബോർഡുകൾ നിലവിൽ വരുന്നതോടെ ഇവയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറും. ഫെഡറൽ തത്വങ്ങൾക്ക് കനത്ത പ്രഹരമാണിത്. കർഷക താൽപ്പര്യങ്ങൾ ലംഘിക്കുന്ന ഭേദഗതികളെ എതിർത്ത് പരാജയപ്പെടുത്താൻ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ കർഷകരും തൊഴിലാളികളും പ്രക്ഷോഭത്തിൽ അണിചേരണമെന്ന് കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാറും സെക്രട്ടറി വത്സൻ പനോളിയും അഭ്യർഥിച്ചു.