മൂലമറ്റം
ലോക വനിതാദിനത്തില്‍ യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. മുഖത്തും തോളിലുമായി 40 ശതമാനത്തോളം പൊള്ളലേറ്റ തൊടുപുഴ മ്രാല പഴയമറ്റം വാഴമലയില്‍ സോന സണ്ണി(25)യെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് കരിങ്കുന്നം ഒറ്റല്ലൂര്‍ പള്ളിക്കതടത്തില്‍ രാഹുല്‍ രാജി(30)നെ മുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വ രാവിലെ 10ന് കോളപ്ര മഞ്ഞപ്രയിലായിരുന്നു സംഭവം.
പൊലീസ് പറയുന്നതിങ്ങനെ: ഇരുവരും 2015ലാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ഒമ്പതുമാസം മാത്രമാണ് ഒരുമിച്ചുകഴിഞ്ഞത്. ഇതിനിടെ സോന കരിങ്കുന്നം സ്വദേശി അഭിലാഷുമായി അടുപ്പത്തിലായി. ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിൽ ഇരുവരും അകന്നു. അതിനുശേഷം അഭിലാഷ് തന്നെ പീഡിപ്പിച്ചതായി കാട്ടി സോന കരിങ്കുന്നം പൊലീസില്‍ പരാതി നല്കി. ഇതോടെ അഭിലാഷുമായും അകന്നു. അടുത്തിടെ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് രാഹുലിനെ വിളിച്ച സോന പിറ്റേ ദിവസം താന്‍ അഭിലാഷിന്റെ കൂടെ പോവുകയാണെന്ന് പറഞ്ഞു. ഇതേതുടര്‍ന്നുള്ള വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിലേക്ക് എത്തിച്ചത്.
രാഹുൽ കരിങ്കുന്നം പൊലീസ് സ്റ്റേഷന് പരിധിയില്‍ ഗുണ്ടാപട്ടികയിൽ ഉള്‍പ്പെട്ടയാളാണ്. കൃത്യം നടത്തിയശേഷം തമിഴ്നാടിന് കടക്കാനുള്ള ശ്രമത്തിലായിരുന്നു. സോന അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.