തിരുവനന്തപുരം
പോരാട്ടത്തിന്റെ പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന ദ്വിദിന ദേശീയപണിമുടക്കിന് തൊഴിലിടങ്ങളൊരുങ്ങി. ജാഥയും കൺവൻഷനുമായി ബിഎംഎസ് ഒഴികെയുള്ള മുഴുവൻ തൊഴിലാളി സംഘടനകളും പ്രചാരണ രംഗത്തുണ്ട്. 28, 29 തീയതികളിലെ പണിമുടക്കിന് 28 ജാഥയാണ് പ്രയാണം നടത്തുക. എല്ലാ തൊഴിൽ മേഖലയിലും പണിമുടക്ക് പൂർണമാകും.
16 മുതൽ 19 വരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് ജില്ലകളിൽ വാഹനപ്രചാരണ ജാഥ. ജില്ലാ കൺവൻഷൻ പൂർത്തിയാക്കി. ജനറൽ ബോഡി യോഗം നടന്നുവരുന്നു. പണിമുടക്കുന്ന തൊഴിലാളികൾ സംയുക്തമായി 11ന് തൊഴിലുടമകൾക്ക് നോട്ടീസ് നൽകും. 15ന് വനിതാ തൊഴിലാളികൾ വിളംബര ജാഥ സംഘടിപ്പിക്കും. വനിതാ പ്രസംഗ സ്ക്വാഡുകൾ 25നും 26നും ജില്ലയിൽ പര്യടനം നടത്തും.
‘യാത്ര ഒഴിവാക്കുക, കടകൾ അടയ്ക്കുക, പണിമുടക്കുക’ എന്ന സന്ദേശവുമായി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും പ്രചാരണവും സംഘടിപ്പിക്കും. പണിമുടക്കു ദിവസങ്ങളിൽ സമരകേന്ദ്രം 48 മണിക്കൂറും സജീവമായിരിക്കും. കലാപരിപാടി, സംവാദം തുടങ്ങിയവ വേദികളെ ഉർജസ്വലമാക്കും.
സമൂഹമാധ്യമത്തിലും സജീവം
പണിമുടക്കിന്റെ പ്രചാരണം സമൂഹമാധ്യമത്തിലും സജീവം. തൊഴിലാളി സംഘടനാ നേതാക്കളുടെ പ്രസംഗം, പ്രൊമോ വീഡിയോ, പൊതുജനാഭിപ്രായം, കലാ–- സാംസ്കാരിക പരിപാടി എന്നിവയാണ് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നടക്കുന്നത്. സിഐടിയു, എഐടിയുസി അടക്കമുള്ളവയുടെ സംസ്ഥാന കമ്മിറ്റികളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും പ്രചാരണം ആരംഭിച്ചു.