കണ്ണൂർ
സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഒരുക്കങ്ങൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിലയിരുത്തി. പ്രതിനിധി സമ്മേളനവേദിയായ കണ്ണൂർ ബർണശേരിയിലെ നായനാർ അക്കാദമിൽ എത്തിയാണ് പ്രവർത്തനം വിലയിരുത്തിയത്. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കെ പി സഹദേവൻ, ജയിംസ് മാത്യു, ടി വി രാജേഷ്, വി ശിവദാസൻ എം പി, എ എൻ ഷംസീർ, കെ പി സുധാകരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
പ്രതിനിധി സമ്മേളന ഹാൾ മാർച്ച് ഇരുപത്തഞ്ചോടെ പൂർത്തിയാകുമെന്ന് കോടിയേരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രം വിശദമാക്കുന്ന മ്യൂസിയത്തിന്റെ നിർമാണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകും. കരട് രാഷ്ട്രീയ പ്രമേയം പാർടി കോൺഗ്രസ് ചർച്ചചെയ്ത് അംഗീകരിക്കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്നതിനാണ് കരട് പ്രമേയം ഊന്നൽ നൽകുന്നത്. ഇതിനുള്ള പ്രായോഗിക കാര്യം പാർടി കോൺഗ്രസ് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.
മാധ്യമങ്ങളിൽ വരുന്നത്
രാജേന്ദ്രൻ പറയാത്ത കാര്യം
സിപിഐ എമ്മിൽനിന്ന് സസ്പെൻഡുചെയ്ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിൽ വരുന്നതതെന്ന് കോടിയേരി പറഞ്ഞു. മാധ്യമങ്ങളുടേത് ദുർവ്യാഖ്യാനമാണ്. ഒരു വർഷത്തേക്കാണ് സസ്പെൻഡുചെയ്തത്. രാജേന്ദ്രൻ കത്ത് തന്നിട്ടുണ്ട്. അടുത്ത സംസ്ഥാന കമ്മിറ്റി കത്ത് പരിശോധിക്കുമെന്നും കോടിയേരി പ്രതികരിച്ചു.