കൊച്ചി
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും ഉയർന്നു. ഒരു വീപ്പയ്ക്ക് 130 ഡോളറിലെത്തി. 2008 ജൂലൈയ്ക്കുശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ എണ്ണ ഒഴിവാക്കാൻ നടത്തുന്ന നീക്കമാണ് വിലക്കയറ്റത്തിന് കാരണം.
അസംസ്കൃത എണ്ണയുടെ 10 ശതമാനവും റഷ്യയുടേതാണ്. യൂറോപ്പിന് വേണ്ടതിന്റെ മൂന്നിലൊന്നും. ഇത് നിലയ്ക്കുന്നതോടെ ഇന്ധന പ്രതിസന്ധി രൂക്ഷമാകും. റഷ്യൻ–-ഉക്രയ്ൻ സംഘർഷസാധ്യത രൂപപ്പെട്ടപ്പോൾ മുതൽ വില ഉയർന്നിരുന്നു. ഫെബ്രുവരി തുടക്കത്തിൽ 89.16 ഡോളറായി. 22ന് 96.84 ഡോളറും. യുദ്ധം തുടങ്ങിയ 24ന് 105ൽ എത്തി. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 29.41 ഡോള (ഏകദേശം 2264 രൂപ)റാണ് വർധിച്ചത്. തിങ്കൾ ഒറ്റദിവസംകൊണ്ട് 12 ഡോളറിലധികം വർധിച്ചു. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 76.96 നിലവാരത്തിൽ താണു. ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാണിത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെപ്പുകാരണം 122 ദിവസമായി നിർത്തിവച്ചിരിക്കുന്ന ഇന്ധനവില കൂട്ടൽ വീണ്ടും തുടങ്ങാനിരിക്കുന്ന കേന്ദ്രത്തിന് ഇതൊരവസരമാണ്. വോട്ടെടുപ്പ് കഴിഞ്ഞതിനാൽ ഏത് നിമിഷവും അത് പ്രതീക്ഷിക്കാം.
പവന് 800 രൂപ കൂടി
സ്വർണവില വീണ്ടും കൂടി. സംസ്ഥാനത്ത് തിങ്കളാഴ്ച 800 രൂപ കൂടി പവന് 39, 520 രൂപയായി. സുരക്ഷിതമെന്ന നിലയിൽ ആഗോളതലത്തിൽ നിക്ഷേപകർ സ്വർണത്തിലേക്ക് മാറിയതാണ് വില ഉയർത്തിയത്. പുതിയ വിലയനുസരിച്ച് സംസ്ഥാനത്ത് ഒരു പവൻ ആഭരണത്തിന് 43,800 രൂപ കൊടുക്കണം. ഉക്രയ്ൻ അതിർത്തിയിലേക്ക് റഷ്യ സൈനികനീക്കം ആരംഭിച്ചതിന് പുറകെ വില കുതിച്ചിരുന്നു. യുദ്ധമാരംഭിച്ച ഫെബ്രുവരി 24ന് 1000 രൂപ വർധിച്ചു. ആറ് ദിവസത്തിനുള്ളിൽ പവന് 1920 രൂപ കൂടി. യുദ്ധം ആരംഭിച്ചശേഷം ഇതുവരെ 2720 രൂപയാണ് വർധിച്ചത്.